തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ കരിങ്കൊടി കാണിച്ചതില്‍ കെ.എസ്.യു പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കെ.എസ്.യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറാണ് അറസ്റ്റിലായത്. വീട് വളഞ്ഞാണ് കെ.എസ്.യു പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒ.ആര്‍. കേളുവിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്ഭവനിലേക്ക് പോകും മധ്യേയാണ് കെ.എസ്.യു ജില്ലാ നേതൃത്വം മന്ത്രിയുടെ വാഹനം തടഞ്ഞ് നിര്‍ത്തിയത്. തുടര്‍ന്ന് വാഹനത്തിനുമേല്‍ കരിങ്കൊടി കെട്ടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കന്റോണമെന്റ് പൊലീസിന്റെ നടപടി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാണ് വിശദീകരണം.
അതേസമയം ‘കെ.എസ്.യു പ്രവര്‍ത്തകരെ ചോദ്യം ചെയ്യാനില്ല. ഇത് അവരുടെ സമരമുറയാണ്. ആദ്യം നിങ്ങള്‍ കണക്കുകള്‍ പരിശോധിക്കൂ, സംസ്ഥാനത്ത് സീറ്റ് പ്രതിസന്ധിയില്ല,’ എന്ന് മന്ത്രി വി. ശിവന്‍കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം സമാന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. കോഴിക്കോട് നടന്ന കേരള എന്‍.ജി.ഒ യൂണിയന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകും വഴിയാണ് പ്രതിഷേധമുണ്ടായത്.
മൂന്ന് അലോട്മെന്റുകള്‍ പൂര്‍ത്തിയായപ്പോള്‍ 32,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് മലപ്പുറത്ത് മാത്രം സീറ്റ് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. മലബാര്‍ ജില്ലകളിലാകെ 65,000ത്തിലധികം വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ പുറത്തുനില്‍ക്കുന്നത്.
Content Highlight: KSU activist arrested for showing black flag against Education Minister V.Shivankutty