| Saturday, 26th March 2022, 8:20 am

ഹിജാബ്: ആറ് ലക്ഷത്തിലധികം കുട്ടികളുടെ പഠനം മുടക്കിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ ലാക്ക്; കര്‍ണാടകയിലെ എസ്.കെ.എസ്.എസ്.എഫ് വിദ്യാര്‍ത്ഥി നേതാവിന്റെ കുറിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊടക്: കര്‍ണാടകയിലെ ഹിജാബ് വിവാദം ഉയര്‍ത്തികൊണ്ടു വന്നതിന്റെ പിന്നില്‍ എസ്.ഡി.പി.ഐ പോപുലര്‍ ഫ്രണ്ട് സംഘടനകളുടെ രാഷട്രീയ താത്പര്യങ്ങളുണ്ടെന്ന് എസ്.കെ.എസ്.എസ്.എഫ് കര്‍ണാടക കൊടക് ഡിസ്ട്രിക് മീഡിയ വിങ് ചെയര്‍മാന്‍ ഉനൈസ് ഹുണ്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഉനൈസ് ഹുണ്ടിയുടെ പ്രതികരണം.

നാല് മതില്‍കെട്ടുകള്‍ക്കുള്ളില്‍ പരിഹാരം കാണാന്‍ സാധിച്ചിരുന്ന ഒരു വിഷയത്തെ യഥാര്‍ത്ഥത്തില്‍ പോപ്പുലര്‍ ഫ്രണ്ടും അനുബന്ധ സംഘടനകളും ചേര്‍ന്ന് പൊലിപ്പിച്ച് സംഘപരിവാരത്തിന്ന് ഇട്ടുകൊടുക്കുകയായിരുന്നു എന്ന് അദ്ദേഹം ആരോപിക്കുന്നു.

‘ഒരു വുമണ്‍സ് കോളേജില്‍ ഹിജാബിനു വേണ്ടി ആ വിദ്യാര്‍ത്ഥികളെ കുരുതിക്ക് കൊടുക്കേണ്ടിയിരുന്നോ? അധ്യാപകന്‍മാര്‍ക്ക് പകരം അധ്യാപികമാരെ നിയമിക്കാം എന്ന് പറഞ്ഞപ്പോഴെങ്കിലും ആ മക്കളെ വെറുതെ വിട്ടിരുന്നെങ്കില്‍ 6 കുട്ടികള്‍ക്ക് വേണ്ടി 6 ലക്ഷം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം അവതാളത്തില്‍ ആകുമായിരുന്നോ? കര്‍ണാടകയില്‍ ഞങ്ങള്‍ വലിയ സംഭവമാണ് എന്നാണ് എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ടിന്റെയും ധാരണ,’ ഉനൈസ് ഹുണ്ടി എഴുതി

ഉനൈസ് ഹുണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഹിജാബ് ഒരു മറ മാത്രമാണ്. ഹിജാബ് വിവാദം സൃഷ്ടിച്ചത് തന്നെ അടുത്ത വര്‍ഷം ആദ്യത്തില്‍ കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പാണ് എന്നതില്‍ സംശയമില്ല. ബി.ജെ.പി നേതാക്കളുടേയും മന്ത്രിമാരുടേയും പ്രസ്താവനകളില്‍ അത് വ്യക്തവുമാണ്. ഹിജാബ് നിരോധനത്തിന്റെ പിന്നില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികളോടുള്ള അനുകമ്പയോ യൂണിഫോം സമാനതയോ ഒന്നുമല്ല. മുസ്‌ലിം സമുദായത്തോടുള്ള വിദ്വേഷവും ഹിന്ദുത്വ അജണ്ട നടപ്പില്‍ വരുത്തുക എന്ന ഉദ്ദേശവും മാത്രമാണ്. മുസ്ലിം സമുദായത്തിനെതിരെ ഹിന്ദു വിഭാഗത്തില്‍പ്പെട്ട ജനസാമാന്യരില്‍ വിദ്വേഷം പരത്തി കലാപങ്ങള്‍ സൃഷ്ടിച്ച് അത് മൂലം ധ്രുവീകരണം നടത്തി പ്രധാനമായും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടവകാശം രേഖപെടുത്താന്‍ വരുന്ന യുവജനതയുടെ തലയില്‍ വര്‍ഗീയ വിഷം വിതക്കുക എന്നതാണ് സംഘപരിവാരത്തിന്റെ പ്രധാന അജണ്ട.

ബീഫിന്റെ പേരിലും ജയ് ശ്രീറാം വിളിച്ചും കാരണങ്ങള്‍ ഒന്നുമില്ലാതെയും തന്നെ കേവലം വിദ്വേഷം മാത്രം വെച്ചുപുലര്‍ത്തി ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ നടത്തികൊണ്ടാണ് ഉത്തരേന്ത്യയില്‍ ഹിന്ദുത്വ രാഷ്ട്രീയം പയറ്റികൊണ്ടിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ വേഗത്തില്‍ പയറ്റാന്‍ പറ്റുന്ന മണ്ണാണ് കര്‍ണ്ണാടകയുടേത്. ഇതറിഞ്ഞുകൊണ്ട് തന്നെയാണ് വീണുകിട്ടിയ അപ്പകഷ്ണം പൊലെ സംഘപരിവാര്‍ ഇതിനെ ഉയര്‍ത്തികൊണ്ട് വന്നത്.

നാല് മതില്‍കെട്ടുകള്‍ക്കുള്ളില്‍ പരിഹാരം കാണാന്‍ സാധിച്ചിരുന്ന ഒരു വിഷയത്തെ യഥാര്‍ത്ഥത്തില്‍ പോപ്പുലര്‍ ഫ്രണ്ടും അനുബന്ധ സംഘടനകളും ചേര്‍ന്ന് പൊലിപ്പിച്ച് സംഘപരിവാരത്തിന്ന് ഇട്ടുകൊടുക്കുകയായിരുന്നു. ഹിജാബ് വിവാദം തലപൊക്കിയ ഉഡുപ്പി ഗവര്‍മെന്റ് വുമണ്‍സ് കോളേജില്‍ ക്ലാസിലേക്ക് അധ്യാപകര്‍ വരുന്നത് വരെ ഹിജാബ് ധരിക്കാനുള്ള അനുമതി ആ കോളേജില്‍ ഉണ്ടായിരുന്നു. അധ്യായന വര്‍ഷത്തെ പകുതിവരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നുമില്ല. അധ്യായന വര്‍ഷം പകുതിയില്‍ പെട്ടെന്ന് ഒരു ദിവസം ആറ് വിദ്യാര്‍ത്ഥിനികള്‍ ഞങ്ങള്‍ക്ക് മുഴുവന്‍ സമയവും ഹിജാബ് ഇട്ടു ക്ലാസിലിരിക്കണം എന്ന ആവശ്യവുമായി വരുന്നു. അതുകോളേജ് മാനേജ്മെന്റ് കീഴില്‍ ചര്‍ച്ചയാവുന്നു.

രക്ഷിതാക്കളെ വിളിച്ചുവരുത്തി ദിവസങ്ങള്‍ നീണ്ട ചര്‍ച്ചള്‍ നടത്തികൊണ്ടിരിന്നു. അതിന്റെ ഇടയ്ക്ക് ഹിജാബ് ഇട്ടു തന്നെ ക്ലാസില്‍ ഇരിക്കുമെന്ന് ശാഠ്യം പിടിച്ച ആറ് വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ നിന്ന് പുറത്താക്കുന്നു. അവിടെ നിന്നാണ് ആ വിദ്യാര്‍ത്ഥിനികള്‍ പുറത്തിരുന്ന് പ്രതിഷേധം ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം ചെറിയ രീതിയില്‍ വാര്‍ത്തയാകുമ്പോള്‍ തന്നെ ചില തീവ്ര സംഘടനകള്‍ ഇവരുടെ പിന്നിലുണ്ട് എന്ന ആരോപണവും ഉയര്‍ന്ന് വന്നു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം സംസ്ഥാന തലത്തില്‍ വാര്‍ത്തയായി തുടങ്ങി, വിവാദമായി കാര്യം കൈവിട്ടുപോവുകയാണെന്ന് കണ്ടപ്പോള്‍ ഉഡുപ്പി മുസ്‌ലിം കൂട്ടായ്മ ഇടപെട്ട് പ്രശ്ന പരിഹാരത്തിന് വേണ്ടി കോളേജ് മാനേജ്മെന്റുമായി നിരന്തര ചര്‍ച്ചകള്‍ നടത്തി. അധ്യാപകര്‍ ക്ലാസിലേക്ക് വരുന്നതുവരെ ഹിജാബ് ധരിക്കാനുള്ള അവസരം ഉണ്ടെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.

നമുക്ക് ക്ലാസെടുക്കാന്‍ വരുന്നതില്‍ രണ്ട് പുരുഷ അധ്യാപകരാണെന്ന് പറഞ്ഞുകൊണ്ട് വിദ്യാര്‍ത്ഥികള്‍ അതിന് വഴങ്ങാതെ വന്നപ്പോള്‍ ആ രണ്ട് അധ്യാപകര്‍ക്ക് പകരം രണ്ട് അധ്യാപികമാരെ നിയമിക്കാമെന്ന് കോളേജ് അധികൃതര്‍ ഉറപ്പുനല്‍കി. വിദ്യാര്‍ത്ഥികള്‍ അതിനു സമ്മതിച്ചു, പ്രശ്നം അവസാനിപിച്ചു ആ ദിവസം വീട്ടിലേക്ക് പൊവുകയായിരിന്നു. പിറ്റേ ദിവസം പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ പിന്തുണയും പ്രേരണയും അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ വീണ്ടും വാശി പിടിച്ചു പഴയ വാദത്തില്‍ നിന്ന്കൊണ്ട് പ്രതിഷേധം തുടര്‍ന്നു.

അത് ദേശീയ അന്തര്‍ദേശീയ തലത്തില്‍ വാര്‍ത്തയാകുന്നു. അതോടു കൂടി അവസരം കാത്തിരിക്കുന്ന സംഘപരിവാര്‍ സംഘടനകളുടെ രംഗപ്രവേശനം ആരംഭിക്കുന്നു. കുന്താപുര ഗവര്‍മെന്റ് കോളേജില്‍ എ.ബി.വി.പി വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ അണിഞ്ഞ് വന്ന് അവര്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ കയറുകയാണെങ്കില്‍ ഞങ്ങള്‍ കാവിയണിഞ്ഞുകൊണ്ട് ക്ലാസില്‍ കയറുമെന്ന ഭീഷണി മുഴക്കി.

വെറുപ്പിന്റെ രാഷ്ട്രീയം പയറ്റുന്ന സംഘപരിവാര്‍ സംഘടനകളുടെ ഒത്താശയോടെ പിന്നെ കാട്ടുതീ പോലെ ഇത് കര്‍ണാടക സംസ്ഥാനത്തൊട്ടാകെ പടര്‍ന്നു ക്യാമ്പസുകള്‍ കലുഷിതമായി. പെണ്‍കുട്ടികളുടെ ഹിജാബ് ധരിക്കാനുള്ള മൗലികാവകാശത്തെ ഹിജാബും കാവി ഷാള്‍ തമ്മിലുള്ള പോരാട്ടമായി സംഘപരിവാരത്തിന് കുഴലൂത്ത് നടത്തുന്ന സകല കന്നഡ ചാനലുകളും പൊലിപിച്ച് കാണിച്ചുകൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധ്യമല്ലാത്ത വിധം പടുകുഴിയില്‍ എത്തിച്ചു.

ഉഡുപ്പിയിലെ വിദ്യാര്‍ത്ഥികള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുന്നു. ഈ വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ട് എന്നതുകൊണ്ട് കേസ് പരിഗണിച്ച മൂന്നംഗ ബെഞ്ച് ‘അന്തിമ വിധി വരുന്നത് വരെ മത ചിഹ്നങ്ങള്‍ കോളേജുകളില്‍ അനുവദിക്കരുത്’ എന്ന് ഇടക്കാല ഉത്തരവായി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. 11 ദിവസം മണിക്കൂറുകളോളം വാദം കേട്ട ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് ആകെ പത്തു മിനുട്ട് കൊണ്ടാണ് അന്തിമ വിധി പറഞ്ഞത്.

എല്ലാ മതങ്ങളേയും അടിസ്ഥാനമാക്കി മതചിഹ്നങ്ങള്‍ ക്യാമ്പസുകളില്‍ അനുവദിക്കരുത് എന്ന ഇടക്കാല ഉത്തരവ് പരാമര്‍ശിക്കാതെ ‘ഇസ്‌ലാമില്‍ ഹിജാബ് അഭിവാജ്യ ഘടകമല്ല’ എന്ന വിചിത്രമായ വാദമാണ് കോടതിയില്‍ നിന്നും ഉണ്ടായത്. മറ്റുള്ള മതചിഹ്നങ്ങള്‍ക്ക് ഒരു അപാകതയും കോടതി കണ്ടില്ല. പ്രശ്നം മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ ഹിജാബിന് മാത്രം. ഇപ്പോള്‍ സുപ്രീം കോടതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

എന്നാല്‍ സമുദായത്തെ എന്നും പ്രതിസന്ധിയിലായ്താനും അതു മൂലം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ മുന്നിറുത്തി ഇരവാദം പറഞ്ഞ് രാഷ്ട്രീയ ലാഭം നേടാനും പണ്ഡിതന്മാരുടേയും ഉമറാക്കളുടേയും അഭിപ്രായങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കാത്ത പോപ്പുലര്‍ ഫ്രണ്ടിന്റെ പിടിപ്പുകേട് ഒന്ന് കൊണ്ട് മാത്രമാണ് രംഗം ഇത്രയും വഷളായിരിക്കുന്നത്.

ഒരു വുമണ്‍സ് കോളേജില്‍ ഹിജാബിനു വേണ്ടി ആ വിദ്യാര്‍ത്ഥികളെ കുരുതിക്ക് കൊടുക്കേണ്ടിയിരുന്നോ? അധ്യാപകന്‍മാര്‍ക്ക് പകരം അധ്യാപികമാരെ നിയമിക്കാം എന്ന് പറഞ്ഞപ്പോഴെങ്കിലും ആ മക്കളെ വെറുതെ വിട്ടിരുന്നെങ്കില്‍ ആറ് കുട്ടികള്‍ക്ക് വേണ്ടി ആറ് ലക്ഷം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം അവതാളത്തില്‍ ആകുമായിരുന്നോ? കര്‍ണാടകയില്‍ ഞങ്ങള്‍ വലിയ സംഭവമാണ് എന്നാണ് എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ടിന്റെയും ധാരണ.

പക്ഷെ ഹിജാബിന്റെ വിധി വന്നതുമുതല്‍ കര്‍ണാടക ജനത ഈ തീവ്ര സംഘടനകളെ പഴിചാരി കൊണ്ടിരിക്കുകയാണ്. ഇവരില്‍ നിന്നും സമുദായത്തിന് ഗുണമുണ്ടാവില്ല ഇവര്‍ സമുദായത്ത നാശത്തിലേക്ക് നയിക്കുമെന്ന പൂര്‍വ പണ്ഡിതരുടെ വാക്കുകള്‍ ഇവിടെ യാഥാര്‍ത്ഥ്യമാവുകയാണ്. ഹൈക്കോടതി വിധിക്കെതിരെ മാര്‍ച്ച് 17ന് മുസ്‌ലിം പണ്ഡിതസഭാ നേതാക്കള്‍ ആഹ്വാനം ചെയ്ത കര്‍ണാടക ബന്ദ് പൂര്‍ണമായും വിജയിച്ചത് കണ്ട് ഇവിടെ ഞങ്ങള്‍ ഒന്നുമല്ല പണ്ഡിതന്മാരുടെ നിര്‍ദേത്തെ മാത്രമാണ് ജനം ഉള്‍ക്കൊള്ളുന്നത് എന്ന തിരിച്ചറിവില്‍ അന്ധാളിച്ച് നില്‍ക്കുകയാണ് ഈ തീവ്ര സംഘടനകള്‍. വികാരമല്ല വിവേകമാണ് അഭികാമ്യം.

CONTENT HIGHLIGHTS: SKSSF Karnataka Leader said that the SDPI Popular Front organizations’ political interests are behind the hijab controversy in Karnataka.
We use cookies to give you the best possible experience. Learn more