കൊടക്: കര്‍ണാടകയിലെ ഹിജാബ് വിവാദം ഉയര്‍ത്തികൊണ്ടു വന്നതിന്റെ പിന്നില്‍ എസ്.ഡി.പി.ഐ പോപുലര്‍ ഫ്രണ്ട് സംഘടനകളുടെ രാഷട്രീയ താത്പര്യങ്ങളുണ്ടെന്ന് എസ്.കെ.എസ്.എസ്.എഫ് കര്‍ണാടക കൊടക് ഡിസ്ട്രിക് മീഡിയ വിങ് ചെയര്‍മാന്‍ ഉനൈസ് ഹുണ്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഉനൈസ് ഹുണ്ടിയുടെ പ്രതികരണം.
നാല് മതില്‍കെട്ടുകള്‍ക്കുള്ളില്‍ പരിഹാരം കാണാന്‍ സാധിച്ചിരുന്ന ഒരു വിഷയത്തെ യഥാര്‍ത്ഥത്തില്‍ പോപ്പുലര്‍ ഫ്രണ്ടും അനുബന്ധ സംഘടനകളും ചേര്‍ന്ന് പൊലിപ്പിച്ച് സംഘപരിവാരത്തിന്ന് ഇട്ടുകൊടുക്കുകയായിരുന്നു എന്ന് അദ്ദേഹം ആരോപിക്കുന്നു.
‘ഒരു വുമണ്‍സ് കോളേജില്‍ ഹിജാബിനു വേണ്ടി ആ വിദ്യാര്‍ത്ഥികളെ കുരുതിക്ക് കൊടുക്കേണ്ടിയിരുന്നോ? അധ്യാപകന്‍മാര്‍ക്ക് പകരം അധ്യാപികമാരെ നിയമിക്കാം എന്ന് പറഞ്ഞപ്പോഴെങ്കിലും ആ മക്കളെ വെറുതെ വിട്ടിരുന്നെങ്കില്‍ 6 കുട്ടികള്‍ക്ക് വേണ്ടി 6 ലക്ഷം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം അവതാളത്തില്‍ ആകുമായിരുന്നോ? കര്‍ണാടകയില്‍ ഞങ്ങള്‍ വലിയ സംഭവമാണ് എന്നാണ് എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ടിന്റെയും ധാരണ,’ ഉനൈസ് ഹുണ്ടി എഴുതി
ഉനൈസ് ഹുണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഹിജാബ് ഒരു മറ മാത്രമാണ്. ഹിജാബ് വിവാദം സൃഷ്ടിച്ചത് തന്നെ അടുത്ത വര്‍ഷം ആദ്യത്തില്‍ കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പാണ് എന്നതില്‍ സംശയമില്ല. ബി.ജെ.പി നേതാക്കളുടേയും മന്ത്രിമാരുടേയും പ്രസ്താവനകളില്‍ അത് വ്യക്തവുമാണ്. ഹിജാബ് നിരോധനത്തിന്റെ പിന്നില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികളോടുള്ള അനുകമ്പയോ യൂണിഫോം സമാനതയോ ഒന്നുമല്ല. മുസ്‌ലിം സമുദായത്തോടുള്ള വിദ്വേഷവും ഹിന്ദുത്വ അജണ്ട നടപ്പില്‍ വരുത്തുക എന്ന ഉദ്ദേശവും മാത്രമാണ്. മുസ്ലിം സമുദായത്തിനെതിരെ ഹിന്ദു വിഭാഗത്തില്‍പ്പെട്ട ജനസാമാന്യരില്‍ വിദ്വേഷം പരത്തി കലാപങ്ങള്‍ സൃഷ്ടിച്ച് അത് മൂലം ധ്രുവീകരണം നടത്തി പ്രധാനമായും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടവകാശം രേഖപെടുത്താന്‍ വരുന്ന യുവജനതയുടെ തലയില്‍ വര്‍ഗീയ വിഷം വിതക്കുക എന്നതാണ് സംഘപരിവാരത്തിന്റെ പ്രധാന അജണ്ട.
ബീഫിന്റെ പേരിലും ജയ് ശ്രീറാം വിളിച്ചും കാരണങ്ങള്‍ ഒന്നുമില്ലാതെയും തന്നെ കേവലം വിദ്വേഷം മാത്രം വെച്ചുപുലര്‍ത്തി ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ നടത്തികൊണ്ടാണ് ഉത്തരേന്ത്യയില്‍ ഹിന്ദുത്വ രാഷ്ട്രീയം പയറ്റികൊണ്ടിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ വേഗത്തില്‍ പയറ്റാന്‍ പറ്റുന്ന മണ്ണാണ് കര്‍ണ്ണാടകയുടേത്. ഇതറിഞ്ഞുകൊണ്ട് തന്നെയാണ് വീണുകിട്ടിയ അപ്പകഷ്ണം പൊലെ സംഘപരിവാര്‍ ഇതിനെ ഉയര്‍ത്തികൊണ്ട് വന്നത്.
നാല് മതില്‍കെട്ടുകള്‍ക്കുള്ളില്‍ പരിഹാരം കാണാന്‍ സാധിച്ചിരുന്ന ഒരു വിഷയത്തെ യഥാര്‍ത്ഥത്തില്‍ പോപ്പുലര്‍ ഫ്രണ്ടും അനുബന്ധ സംഘടനകളും ചേര്‍ന്ന് പൊലിപ്പിച്ച് സംഘപരിവാരത്തിന്ന് ഇട്ടുകൊടുക്കുകയായിരുന്നു. ഹിജാബ് വിവാദം തലപൊക്കിയ ഉഡുപ്പി ഗവര്‍മെന്റ് വുമണ്‍സ് കോളേജില്‍ ക്ലാസിലേക്ക് അധ്യാപകര്‍ വരുന്നത് വരെ ഹിജാബ് ധരിക്കാനുള്ള അനുമതി ആ കോളേജില്‍ ഉണ്ടായിരുന്നു. അധ്യായന വര്‍ഷത്തെ പകുതിവരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നുമില്ല. അധ്യായന വര്‍ഷം പകുതിയില്‍ പെട്ടെന്ന് ഒരു ദിവസം ആറ് വിദ്യാര്‍ത്ഥിനികള്‍ ഞങ്ങള്‍ക്ക് മുഴുവന്‍ സമയവും ഹിജാബ് ഇട്ടു ക്ലാസിലിരിക്കണം എന്ന ആവശ്യവുമായി വരുന്നു. അതുകോളേജ് മാനേജ്മെന്റ് കീഴില്‍ ചര്‍ച്ചയാവുന്നു.
രക്ഷിതാക്കളെ വിളിച്ചുവരുത്തി ദിവസങ്ങള്‍ നീണ്ട ചര്‍ച്ചള്‍ നടത്തികൊണ്ടിരിന്നു. അതിന്റെ ഇടയ്ക്ക് ഹിജാബ് ഇട്ടു തന്നെ ക്ലാസില്‍ ഇരിക്കുമെന്ന് ശാഠ്യം പിടിച്ച ആറ് വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ നിന്ന് പുറത്താക്കുന്നു. അവിടെ നിന്നാണ് ആ വിദ്യാര്‍ത്ഥിനികള്‍ പുറത്തിരുന്ന് പ്രതിഷേധം ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം ചെറിയ രീതിയില്‍ വാര്‍ത്തയാകുമ്പോള്‍ തന്നെ ചില തീവ്ര സംഘടനകള്‍ ഇവരുടെ പിന്നിലുണ്ട് എന്ന ആരോപണവും ഉയര്‍ന്ന് വന്നു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം സംസ്ഥാന തലത്തില്‍ വാര്‍ത്തയായി തുടങ്ങി, വിവാദമായി കാര്യം കൈവിട്ടുപോവുകയാണെന്ന് കണ്ടപ്പോള്‍ ഉഡുപ്പി മുസ്‌ലിം കൂട്ടായ്മ ഇടപെട്ട് പ്രശ്ന പരിഹാരത്തിന് വേണ്ടി കോളേജ് മാനേജ്മെന്റുമായി നിരന്തര ചര്‍ച്ചകള്‍ നടത്തി. അധ്യാപകര്‍ ക്ലാസിലേക്ക് വരുന്നതുവരെ ഹിജാബ് ധരിക്കാനുള്ള അവസരം ഉണ്ടെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.
നമുക്ക് ക്ലാസെടുക്കാന്‍ വരുന്നതില്‍ രണ്ട് പുരുഷ അധ്യാപകരാണെന്ന് പറഞ്ഞുകൊണ്ട് വിദ്യാര്‍ത്ഥികള്‍ അതിന് വഴങ്ങാതെ വന്നപ്പോള്‍ ആ രണ്ട് അധ്യാപകര്‍ക്ക് പകരം രണ്ട് അധ്യാപികമാരെ നിയമിക്കാമെന്ന് കോളേജ് അധികൃതര്‍ ഉറപ്പുനല്‍കി. വിദ്യാര്‍ത്ഥികള്‍ അതിനു സമ്മതിച്ചു, പ്രശ്നം അവസാനിപിച്ചു ആ ദിവസം വീട്ടിലേക്ക് പൊവുകയായിരിന്നു. പിറ്റേ ദിവസം പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ പിന്തുണയും പ്രേരണയും അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ വീണ്ടും വാശി പിടിച്ചു പഴയ വാദത്തില്‍ നിന്ന്കൊണ്ട് പ്രതിഷേധം തുടര്‍ന്നു.