| Monday, 21st December 2015, 2:11 pm

ദയാബായിയെ ബസില്‍ നിന്നും ഇറക്കിവിട്ട കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലുവ: സാമൂഹ്യ പ്രവര്‍ത്തക ദയാബായിയെ അപമാനിച്ച സംഭവത്തില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. വടക്കാഞ്ചേരി ഡിപ്പോയിലെ ഷൈലന്‍, യൂസഫ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. ഞായറാഴ്ച്ച തൃശൂരില്‍ നിന്നും ആലുവയിലേക്കുള്ള യാത്രക്കിടെയാണ് ദയാബായിയെ ബസ് ജീവനക്കാര്‍ അപമാനിച്ച് വഴിയില്‍ ഇറക്കിവിട്ടത്.

വഴി ശരിക്കറിയാതിരുന്ന ദയാബായ് ഇടക്ക് ഡ്രൈവറോടും കണ്ടക്ടറോടും വഴിചോദിച്ചപ്പോള്‍ അവര്‍ പ്രകോപിതരാവുകയായിരുന്നു.  “പ്രായമുള്ള ആളാണെന്ന് നോക്കില്ലെന്നും നല്ലത് തരുമെന്നും” പറഞ്ഞാണ് കണ്ടക്ടര്‍ ഭീഷണിപ്പെടുത്തിുകയായിരുന്നുവെന്നും ആലുവ ഗ്യാരേജ് വരെ യാത്ര ചെയ്യേണ്ടിയിരുന്ന ദയാബായിയെ ആലുവയില്‍ ഇറങ്ങാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു.

ആലുവ ബൈപ്പാസില്‍ ഇറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മറ്റൊരിടത്താണ് ബസ് നിറുത്തിയത്. ഇറങ്ങിയ ശേഷവും ബസ്സിന്റെ കതക് ശക്തിയായി അടച്ച്, ആക്ഷേപിച്ചുവെന്നും ദയാബായി പറഞ്ഞു. ഇതേതുടര്‍ന്ന് ജീവനക്കാരുടെ നടപടിക്കെതിരെ ദയാബായി പരാതി നല്‍കി.

സംഭവം പുറത്തറിഞ്ഞതോടെ വലിയ പ്രതിഷേധമാണ് ജീവനക്കാര്‍ക്കെതിരെ ഉയര്‍ന്നത്. വിവാദമായതോടെ ഗതാഗത വകുപ്പ് മന്ത്രി നേരിട്ട് ദയാബായിയോട് മാപ്പു ചോദിച്ചിരുന്നു. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് കെ.എസ്.ആര്‍.ടി.സി എംഡിയുടെ നിര്‍ദ്ദേശപ്രകാരം ജീവനക്കാരെ സസ്‌പെന്‍ഡ് ചെയതത്.

We use cookies to give you the best possible experience. Learn more