കോര്‍പ്പറേഷന്റെ അധീനതയിലുള്ള എടപ്പാള്‍ കണ്ടനകം റീജണല്‍ വര്‍ക്ക് ഷോപ്പിന്റെ ഭൂമി പണയപ്പെടുത്താനുള്ള നടപടികളാണ് നടക്കുന്നത്. 200 കോടി രൂപയ്ക്ക് ഭൂമി പണയപ്പെടുത്താനാണ് കെ.എസ്.ആര്‍.ടി.സി ലക്ഷ്യമിടുന്നത്.
ഒരുമാസത്തെ പെന്‍ഷന്‍ നല്‍കാന്‍ കോര്‍പ്പറേഷന് 35 കോടിയോളം രൂപയാണ് വേണ്ടത് ഇപ്പോള്‍ നാലു മാസത്തെ പെന്‍ഷനാണ് നല്‍കാനുള്ളത്. ശമ്പളയിനത്തിലും കോടികളുടെ ബാധ്യതയാണുള്ളത്. ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കൂട്ടയവധിയെടുത്ത് പ്രതിഷേധിച്ചിരുന്നു.
ശമ്പളവും സെപ്തംബര്‍ മാസത്തെ പെന്‍ഷന്‍ കുടിശ്ശികയും നല്‍കാന്‍ സര്‍ക്കാര്‍ 40 കോടിരുപ അനുവദിച്ചതോടെയാണ് പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമായത്. ആലപ്പുഴ, കോഴിക്കോട്, എറണാകുളം ജില്ലകളിലായാണ് കൂടുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങിയിരുന്നത്.
1969 ലായിരുന്നു എടപ്പാള്‍ കണ്ടനകത്തെ ഭൂമി കെ.എസ്.ആര്‍.ടി.സിക്കായി വാങ്ങിയിരുന്നത്. 54.74 ഏക്കര്‍ ഭൂമിയാണ് കെ.എസ്.ആര്‍.ടി.സി വാങ്ങിയിരുന്നത്. അന്ന് ഏക്കറിന് 3000 രൂപയായിരുന്നു വില. ഈ ഭൂമി കൂടിച്ചേര്‍ത്താണ് കെ.എസ്.ആര്‍.ടി.സി പണയം വയ്ക്കാനൊരുങ്ങുന്നത്.
പാലക്കാട് സഹകരണ ബാങ്കില്‍ ഭൂമി പണയം വയ്ക്കാനാണ് കെ.എസ്.ആര്‍.ടി.സി ഉദ്യേശിക്കുന്നത്. 200 കോടി രൂപ വായ്പയെടുത്ത് അത്യാവശ്യം പെന്‍ഷനും മുടങ്ങിയ ശമ്പളവും നല്‍കാനാണ് നീക്കം.
പണയം വയ്ക്കുന്നതിനാവശ്യമായ രേഖകള്‍ തയ്യാറാകാത്തതാണ് നടപടി നീളാന്‍ കാരണം. കോര്‍പ്പറേഷന്‍ ഭൂമി വാങ്ങിയ സമയത്ത് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവോ അതിന്റെ പകര്‍പ്പോ കിട്ടാത്തതാണ് പ്രധാന തടസ്സം. സര്‍ക്കാര്‍ ഉത്തരവ് എടപ്പാളിലോ മലപ്പുറത്തോ പൊന്നാനിയിലോ ഉണ്ടാകുമെന്ന വിശ്വസത്തില്‍ അതിനുള്ള തിരച്ചിലിലാണ് ഉദ്യോഗസ്ഥര്‍.