| Sunday, 30th June 2019, 10:27 am

കെ.എസ്.ആര്‍.ടി.സി 2107 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു; യാത്രാ പ്രതിസന്ധി രൂക്ഷമായേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 2107 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് കെഎസ്ആര്‍ടിസി. സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞതോടെയാണ് നടപടി. തെക്കന്‍ മേഖലയിലെ 1479 പേരെയും മധ്യമേഖലയില്‍ 257 പേരെയും വടക്കന്‍ മേഖലയില്‍ 371പേരെയുമാണ് പിരിച്ചുവിട്ടത്.

ഡ്രൈവര്‍മാരെ പിരിച്ചുവിട്ട നടപടി സംസ്ഥാനമൊട്ടാകെയുള്ള സര്‍വ്വീസുകളെ ബാധിച്ചേക്കും. ദിവസവും 600 ഓളം സര്‍വ്വീസുകള്‍ മുടങ്ങിയേക്കുമെന്നാണ് സൂചന. തെക്കന്‍ ജില്ലകളില്‍ പ്രതിസന്ധി രൂക്ഷമാകും. ഇത് മറികടക്കാന്‍ ജീവനക്കാരുടെ അവധി വെട്ടിക്കുറച്ച് ക്രമീകരണം നടത്താനാണ് കെ.എസ്.ആര്‍.ടി.സി ലക്ഷ്യമിടുന്നത്.

പി.എസ്.സി റാങ്ക് ഹോള്‍ഡര്‍മാരുടെ പരാതിയില്‍ എംപാനല്‍ കണ്ടക്ടര്‍മാക്ക് പിന്നാലെ എംപാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡ്രൈവര്‍മാരെ ഏപ്രിലില്‍ പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍ വിധി നടപ്പാക്കന്‍ സുപ്രീംകോടതി ജുണ്‍ 30 വരെ സാവകാശം അനുവദിക്കുകയായിരുന്നു. വിധി നടപ്പാക്കിയ ശേഷം കണ്ടക്ടര്‍മാരെ നിയോഗിച്ചത് പോലെ ലീവ് വേക്കന്‍സിയില്‍ ഡ്രൈവര്‍മാരെയും നിയോഗിച്ചേക്കും.

800 എംപാനല്‍ പെയിന്റര്‍മാരെയും പിരിച്ചു വിടണമെന്ന് ഹൈക്കോടതി ജൂണ്‍ 11ന് ഉത്തരവിട്ടിരുന്നു. നിലവിലുള്ള എംപാനല്‍ പെയിന്റര്‍മാരെ പിരിച്ചുവിട്ട് പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കാനാണ് ഹൈക്കോടതി ആവശ്യം.

Latest Stories

We use cookies to give you the best possible experience. Learn more