Kerala News
തിരുവമ്പാടിയിലെ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സി 10 ലക്ഷം രൂപ ധനസഹായം നല്‍കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 09, 11:40 am
Wednesday, 9th October 2024, 5:10 pm

കോഴിക്കോട്: തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കെ.എസ്.ആര്‍.ടി.സി.

കെ.എസ്.ആര്‍.ടി.സിയുടെ പാസഞ്ചര്‍ ഇന്‍ഷുറന്‍സ് പദ്ധതി വഴിയാണ് തുക കൈമാറുക. ഇതിന് പുറമെ അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് കുന്ദമംഗലം എം.എല്‍.എ ലിന്റോ ജോസഫ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ബസ് നിയന്ത്രണം വിട്ട് തിരുവമ്പാടി കാളിയാമ്പുഴയിലേക്ക് മറിഞ്ഞ അപകടത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടിരുന്നു. ആനക്കാംപൊയില്‍ സ്വദേശി ത്രേസ്യാമ്മ, കണ്ടപ്പം ചാല്‍ സ്വദേശി കമല വാസി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 26ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്.

എന്നാല്‍ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ആര്‍.ടി.ഒ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് പിന്നിലെന്ന തരത്തില്‍ ആദ്യം വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും ലഭിച്ചിരുന്നില്ല.

കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒയുടെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരുന്നത്. എന്നാല്‍ ബസ് അമിത വേഗത്തില്‍ ആയിരുന്നില്ലെന്നും ബസിന്റെ ടയറുകള്‍ക്ക് തകരാറുകള്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതിനാല്‍ വണ്ടിയുടെ ബ്രേക്ക് സിസ്റ്റം വീണ്ടും പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: KSRTC to provide financial assistance of Thiruvambady bus accident victims