തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ ഭാഗമായി ഇനി രഹസ്യാന്വേഷണ സംഘവും പ്രവര്‍ത്തിക്കും. പൊലീസ് ഇന്റലിജന്‍സ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ മാതൃകയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സംഘത്തിന്റെ പ്രധാന ജോലി യൂണിറ്റുകളുടെ പ്രവര്‍ത്തനം നിരീക്ഷിച്ച് മാനേജിങ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്നതാണ്.
യാത്രാ സര്‍വീസുകളില്‍ വരുന്ന തടസ്സങ്ങളുടെ കാരണം, ജീവനക്കാരുടെ പ്രവര്‍ത്തനം, സ്വകാര്യ ബസ്സുകളുമായി വ്യവസ്ഥകളിലേര്‍പ്പെടുന്നുണ്ടോ എന്നിങ്ങനെയുള്ള വിവരങ്ങളാണ് “സാള്‍ട്ടര്‍” എന്നു പേരിട്ടിരിക്കുന്ന രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുക.
Also Read: “കേര”യെ മറയാക്കി വ്യാജ വെളിച്ചെണ്ണ വില്‍പ്പന: 51 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചു
സംസ്ഥാനത്തെ വിവിധ യൂണിറ്റുകളില്‍ നിന്നും കണ്ടെത്തിയിട്ടുള്ള 94 ഇന്‍സ്‌പെക്ടര്‍മാരടങ്ങുന്നതാണ് സംഘം. പുതിയ നിയമനം അധികച്ചുമതലയായി ഏറ്റെടുത്താണ് ഇവര്‍ സാള്‍ട്ടറിന്റെ ഭാഗമാകുക. പ്രത്യേകസംഘത്തിന്റെ ആദ്യ യോഗം കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്ത് ചേര്‍ന്നു. എം.ഡി. ടോമിന്‍ തച്ചങ്കരിയാണ് രഹസ്യാന്വേഷണ വിഭാഗം ആസൂത്രണം ചെയ്തിരിക്കുന്നത്.
വിവിധ ഡിപ്പോകളില്‍ നിന്നും മേലുദ്യോഗസ്ഥര്‍ക്കു ലഭിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പലതും കൃത്യമല്ലെന്ന് കണ്ടതോടെയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് തച്ചങ്കരി പറഞ്ഞു. ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ എണ്ണത്തിന്റെ കാര്യത്തിലോ, ബസുകള്‍ പിന്തുടരുന്ന ഷെഡ്യൂളുകളുടെ കാര്യത്തിലോ വ്യക്തമായ വിവരങ്ങള്‍ പ്രധാന ഓഫീസില്‍ ലഭിക്കാറില്ലെന്നാണ് പരാതി. ഇത്തരം വീഴ്ചകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ പുതിയ സംവിധാനത്തിന് സാധിക്കുമെന്നാണ് എം.ഡിയുടെ പക്ഷം.
കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനമികവും അതുവഴി വരുമാനവും വര്‍ദ്ധിപ്പിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം. കോര്‍പ്പറേഷന്റെ ആദ്യ രൂപമായ ട്രാവന്‍കൂര്‍ ബസ്സ് സര്‍വ്വീസിനു തുടക്കമിട്ട സാള്‍ട്ടര്‍ സായിപ്പിന്റെ സ്മരണാര്‍ത്ഥമാണ് വിഭാഗത്തിന് പേരിട്ടിരിക്കുന്നത്.