Kerala News
ദീര്‍ഘകാലമായി ജോലിക്ക് വന്നില്ല; കെ.എസ്.ആര്‍.ടി.സി 134 ജീവനക്കാരെ പിരിച്ചുവിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 13, 03:25 am
Saturday, 13th October 2018, 8:55 am

തിരുവനന്തപുരം: ദീര്‍ഘകാലമായി ജോലിക്ക് വരാത്ത 134 ഉദ്യോഗസ്ഥരെകൂടി കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടു. 69 ഡ്രൈവര്‍മാരെയും 65 കണ്ടക്ടര്‍മാരെയുമാണ് പുതുതായി പിരിച്ചുവിട്ടത്. 773 പേരെ നേരത്തെ ഇതേ കാരണത്താല്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടിരുന്നു.

സ്ഥിരനിയമനം ലംഘിച്ച 469 കണ്ടക്ടര്‍മാര്‍ക്ക് എതിരേയും 304 ഡ്രൈവര്‍മാര്‍ക്ക് എതിരേയുമാണ് നേരത്ത നടപടി സ്വീകരിച്ചത്. ഇവരോട് കഴിഞ്ഞ മേയില്‍ തിരികെ എത്താന്‍ കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിക്കാത്തതാണ് നടപടി കടുപ്പിക്കാന്‍ കാരണമായത്.


ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഇല്ലാത്തതിനാല്‍ സര്‍വീസുകള്‍ വെട്ടിചുരുക്കുകയും നിര്‍ത്തി വയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലീവിലുള്ള ഉദ്യേഗസ്ഥരെ തിരികെ വിളിച്ചത്.

കോര്‍പ്പറേഷനിലെ നിയമം അനുസരിച്ച് അഞ്ച് വര്‍ഷം വരെ ജീവനക്കാര്‍ക്ക് ദീര്‍ഘകാല അവധി എടുക്കാം. എന്നാല്‍ കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെട്ടാല്‍ ഏത് സമയത്തും ജോലിക്ക് ഹാജരാകണം എന്നാണ് നിയമം.

മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ വിഭാഗങ്ങളില്‍ അനധികൃതമായി ജോലിക്ക് ഹാജരാക്കാത്ത ജീവനക്കാരെ പിരിച്ചു വിടുമെന്ന് എം.ഡി ടോമിന്‍ തച്ചങ്കേരി മുന്നറിയിപ്പ് നല്‍കിയിരുന്നു.