ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിന് പിന്നാലെ കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം 2530 താല്‍ക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇതിന് പിന്നാലെ പരിഹാരം കാണാനാവാതെ കുഴങ്ങുകയാണ് കെ.എസ്.ആര്‍.ടി.സി.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് മുഴുവന്‍ താല്‍കാലിക ഡ്രൈവര്‍മാരെയും പിരിച്ചുവിടുന്നതായി കാണിച്ച് കെ.എസ്.ആര്‍.ടി.സി നോട്ടീസ് നല്‍കിയത്. എന്നാല്‍, പകരം സര്‍വ്വീസുകള്‍ എങ്ങനെ നടത്തണമെന്നതില്‍ അധികൃതര്‍ക്ക് വ്യക്തതയില്ല.
ബുധനാഴ്ച അവധി ദിവസമായിരുന്നതിനാല്‍ ഡ്രൈവര്‍മാരുടെ കുറവ് സര്‍വ്വീസിനെ കാര്യമായി ബാധിച്ചിരുന്നില്ല. എന്നാല്‍ പ്രവൃത്തി ദിവസമായ ഇന്ന് സര്‍വ്വീസുകള്‍ വലിയ തോതില്‍ വെട്ടിക്കുറക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പ്രതിദിനം 1500 സര്‍വ്വീസുകളെങ്കിലും റദ്ദാക്കേണ്ടി വരും. 1500 സര്‍വ്വീസുകള്‍ റദ്ദാക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സിക്ക് പ്രതിദിനം നഷ്ടം ഒന്നര കോടിയാണെന്നാണ് ഏകദേശ കണക്ക്.
ദീര്‍ഘകാല പരിചയമുള്ള ഡ്രൈവര്‍മാരെ ലഭിക്കാന്‍ പ്രയാസമാണെന്നും ഇത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയുള്ള സത്യവാങ്മൂലം കെ.എസ്.ആര്‍.ടി.സി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഡ്രൈവര്‍മാരുടെ പി.എസ്.സി കാലാവധി കഴിഞ്ഞതിനാല്‍ ഇതില്‍നിന്ന് സ്ഥിരം നിയമനവും സാധ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം എംപാനല്‍ ജീവനക്കാരെ ജൂണ്‍ 30 മുതല്‍ പിരിച്ചുവിട്ടിരുന്നെങ്കിലും ഇതില്‍ ചിലരെ സര്‍വ്വീസ് തടസപ്പെടാതിരിക്കാന്‍ പല സ്ഥലങ്ങളിലും ദിവസ വേതനത്തില്‍ ജോലിക്ക് നിയമിച്ചിരുന്നു. ഇതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് എല്ലാ താല്‍ക്കാലികക്കാരെയും പിരിച്ചുവിടാന്‍ കോടതി ഉത്തരവിട്ടത്.
തുടര്‍ ദിവസങ്ങളില്‍ 1200ലധികം സര്‍വീസുകള്‍ മുടങ്ങിയേക്കുമെന്നാണ് സൂചന. വരുമാനം കുറവുള്ള ഓര്‍ഡിനറി ബസുകള്‍ റദ്ദാക്കി പരമാവധി ദീര്‍ഘദൂരബസുകള്‍ ഓടിക്കാനുള്ള ശ്രമത്തിലാണ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍. ഇത് ഗ്രാമീണമേഖലകളില്‍ യാത്രാക്ലേശം രൂക്ഷമാക്കും.
യാത്രക്കാരും വരുമാനവും കൂടുതലുള്ള റൂട്ടുകളിലെ സര്‍വ്വീസുകള്‍ മുടങ്ങാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥിരം ഡ്രൈവര്‍മാരോട് അവധി നിയന്ത്രിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രൈവര്‍മാരുടെ പി.എസ്.സി കാലാവധി കഴിഞ്ഞതിനാല്‍ ഇതില്‍നിന്ന് സ്ഥിരം നിയമനവും സാധ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം എംപാനല്‍ ജീവനക്കാരെ ജൂണ്‍ 30 മുതല്‍ പിരിച്ചുവിട്ടിരുന്നെങ്കിലും ഇതില്‍ ചിലരെ സര്‍വ്വീസ് തടസപ്പെടാതിരിക്കാന്‍ പല സ്ഥലങ്ങളിലും ദിവസ വേതനത്തില്‍ ജോലിക്ക് നിയമിച്ചിരുന്നു. ഇതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് എല്ലാ താല്‍ക്കാലികക്കാരെയും പിരിച്ചുവിടാന്‍ കോടതി ഉത്തരവിട്ടത്.
അതോടൊപ്പം സാമ്പത്തിക നില മോശമായതിനാല്‍ ശമ്പള വിതരണവും മുടങ്ങി. പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ അധികമായി 40 കോടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഓണത്തിന് അധികസഹായം നല്‍കിയതിനാല്‍ ഈ മാസം 16 കോടിയേ നല്‍കാനാകൂവെന്ന നിലപാടിലാണ് ധനവകുപ്പ്.
ഇതോടെ കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റിനെതിരെ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സി.ഐ.ടി.യു. ശമ്പളം കൊടുക്കാത്തതിലും സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നതിലും പ്രതിഷേധിച്ചാണ് സമരം. കഴിവുകെട്ട മാനേജ്മെന്റാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഭരണം നടത്തുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത് സി.ഐ.ടി.യു നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.
കഴിഞ്ഞമാസം 191 കോടി രൂപ വരുമാനം കിട്ടിയിട്ടും ശമ്പളം കൊടുക്കാത്തതാണ് ഭരണകക്ഷി യൂണിയനെ ചൊടിപ്പിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് ചീഫ് ഓഫീസിനും യൂണിറ്റ് ഓഫീസുകള്‍ക്കും മുമ്പിലെ സമരം. രണ്ടായിരത്തി മൂന്നൂറോളം എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടേണ്ടിവന്നത് ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണെന്നും സി.ഐ.ടി.യു. ആരോപിച്ചു.
രണ്ടുവര്‍ഷത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സി.യെ നഷ്ടത്തില്‍നിന്ന് കരകയറ്റുമെന്നായിരുന്നു അധികാരത്തിലേറിയപ്പോള്‍ ഇടത് സര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍, ഭരണം മൂന്നുവര്‍ഷം പിന്നിടുമ്പോഴും മാസശമ്പളംപോലും നല്‍കാന്‍ കഴിയാതെ പഴയതിനെക്കാള്‍ ദയനീയമായ അവസ്ഥയിലാണ് സ്ഥാപനമെന്ന ആരോപണമാണ് ഉയരുന്നത്. നിയമവ്യവസ്ഥകള്‍ പാലിക്കാതെ നടത്തിയ താത്കാലിക നിയമനങ്ങളുടെ പേരില്‍ ഒന്നിലേറെത്തവണ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനങ്ങളും കോര്‍പറേഷന് കേള്‍ക്കേണ്ടിവന്നു.
കെ.എസ്.ആര്‍.ടി.സി.യെ എങ്ങനെ ലാഭത്തിലാക്കാമെന്നതായിരുന്നു സര്‍ക്കാര്‍ നേരിട്ട പ്രധാന വെല്ലുവിളി. ഇതി പരിഹരിക്കാനും പഠിക്കാനുമായി 2016 സെപ്റ്റംബറില്‍ കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ പ്രൊഫ.സുശീല്‍ഖന്നയെ സര്‍ക്കാര്‍ നിയോഗിച്ചു. 2017 ഏപ്രില്‍ ഒന്നിന് അദ്ദേഹം ഇടക്കാല റിപ്പോര്‍ട്ടും 2019 ഫെബ്രുവരിയില്‍ അന്തിമറിപ്പോര്‍ട്ടും നല്‍കി.
കെ.എസ്.ആര്‍.ടി.സി.യുടെ ന്യൂനതകളും വീഴ്ചകളും അക്കമിട്ട് നിരത്തിയ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈയില്‍ കിട്ടിയിട്ട് എട്ടുമാസത്തിലേറെയായി. അന്തിമ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെടുക്കുമെന്ന് പലതവണ നിയമസഭയില്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയതാണ്. അന്തിമറിപ്പോര്‍ട്ട് വന്ന് മാസങ്ങളായിട്ടും റിപ്പോര്‍ട്ടില്‍ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
ഭരണത്തില്‍ തൊഴിലാളി നേതാക്കളുടെ ഇടപെടല്‍ ഒഴിവാക്കുന്നതടക്കം കെ.എസ്.ആര്‍.ടിസിയില്‍ സമ്പൂര്‍ണ പൊളിച്ചടുക്കലാണ് ഖന്ന ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കാന്‍ മുന്നിട്ടിറങ്ങറിയ കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരിയെ തൊഴിലാളിസംഘടനകള്‍ ഒറ്റക്കെട്ടായി നേരിടുകയായിരുന്നു.
കാര്യക്ഷമമല്ലാത്ത മധ്യനിര മാനേജ്മെന്റ് പൊളിച്ചുപണിയണമെന്നും ഡ്യൂട്ടി പരിഷ്‌കരിക്കണമെന്നും ഖന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ലാഭകരമല്ലാത്ത ഡിപ്പോകള്‍ യാത്രാസൗകര്യം കൂട്ടിക്കൊണ്ട് ഓപ്പറേറ്റിങ് സെന്ററുകളായി മാറ്റണമെന്നും ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയിലേക്ക് കുറയ്ക്കണമെന്നുമായിരുന്നു മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍. എന്നാല്‍, ഇവയൊന്നും നടപ്പാക്കാനുള്ള ഉത്തരവാദിത്വം മാനേജ്‌മെന്റോ സര്‍ക്കാരോ കൈക്കൊണ്ടില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കാലപരിധി കഴിഞ്ഞ ബസുകള്‍ക്ക് പകരം പുതിയ ബസുകള്‍ നിരത്തിലിറക്കാന്‍ കഴിയാത്തതും കെ.എസ്.ആര്‍.ടി.സിയെ പ്രതിസന്ധിയിലാഴ്ത്തുന്നെന്നാണ് റിപ്പോര്‍ട്ട്. പ്രതിമാസം ഇരുന്നൂറോളം കാലാവധി കഴിഞ്ഞ ബസുകള്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 101 പുതിയ ബസുകള്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സിക്ക് പുറത്തിറക്കാനായത്.
ഖന്ന ശുപാര്‍ശയിലുള്ളതും എന്നാല്‍, നടപ്പാക്കാന്‍ കഴിയാത്ത പരിഷ്‌കരണങ്ങളുടെ പട്ടിക മാനേജ്മെന്റ് സര്‍ക്കാരിന് നല്‍കിയിട്ട് മൂന്നുമാസത്തിലധികമായി. പാക്കേജിലെ സുപ്രധാന നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടതുണ്ട്.
മുമ്പ് രണ്ടായിരത്തിലേറെ എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിട്ടതോടെ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ താറുമാറായിരുന്നു. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിട്ടത്. 2107 ഡ്രൈവര്‍മാരെയാണ് കേരളത്തിലാകെ പിരിച്ചുവിട്ടത്. നേരത്തെ എം പാനല്‍ കണ്ടക്ടര്‍മാരെയും പിരിച്ചു വിട്ടിരുന്നു. ഏപ്രില്‍ എട്ടിന് വന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി 180 ദിവസത്തില്‍ കൂടുതല്‍ താത്ക്കാലികമായി ജോലിയില്‍ തുടരുന്ന ഡ്രൈവര്‍മാരെ ഏപ്രില്‍ 30ന് മുമ്പ് പിരിച്ചു വിടണം എന്നായിരുന്നു. ഈ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ജീവനക്കാരെ ഒഴിവാക്കണമെന്ന വിധി ശരിവെക്കുകയാണ് ചെയ്തത്.
തല്‍ക്കാലം പിരിഞ്ഞു പോവുന്ന എംപാനല്‍ ഡ്രൈവര്‍മാരെ ലീവ് വേക്കന്‍സിയിലും സ്ഥിരം ഡ്രൈവര്‍മാരുടെ ലീവ് വെട്ടിക്കുറച്ചും സര്‍വ്വീസ് നഷ്ടം ഇല്ലാതാക്കാനാണ് കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചിരുന്നത്. പിരിച്ചു വിടുന്ന എംപാനല്‍ ഡ്രൈവര്‍മാരെ അടുത്ത 179 ദിവസത്തേക്ക് തിരിച്ചെടുക്കാനാവും. എന്നാല്‍ നിയമനം സ്ഥിരമാകില്ലെന്ന് ഉറപ്പായതോടെ ഇവരില്‍ പലരും ജോലിക്ക് കയറിയിരുന്നില്ല. കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് പലപ്പോഴായി എടുത്ത തീരുമാനങ്ങളാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.