|

കെ.എസ്.ആര്‍.ടി.സി മിന്നല്‍ പണിമുടക്കിനിടെ 60 കാരന്‍ മരിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം; ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടിസി മിന്നല്‍ പണിമുടക്കിനിടെ ഗതാഗതക്കുരുക്കില്‍ പെട്ട് ഒരാള്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക്.

റോഡ് ഗതാഗതം തടസപ്പെടുത്തി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ സമരത്തില്‍ ആറ് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് നടപടി.

നേരത്തെ വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഗതാഗതമന്ത്രിക്ക് നിര്‍ദേശം നല്‍കിയിരുന്നു. റോഡ് തടസപ്പെടുത്തിയത് ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി ഗതാഗതമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സമരത്തിനിടെ കടകംപള്ളി സ്വദേശി സുരേന്ദ്രന്‍ (60) മരണപ്പെട്ട സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. സ്വകാര്യ ബസുടമകളുടെ പരാതിയിലും വാഹനഗതാഗതം തടസപ്പെടുത്തിയതിനും സമരക്കാര്‍ക്ക് എതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തമ്പാനൂര്‍, ഫോര്‍ട്ട് പൊലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നടുറോഡില്‍ ബസ് നിര്‍ത്തിയിട്ട് ഡ്രൈവര്‍മാരുടേയും കണ്ടക്ടര്‍മാരുടേയും ലൈസന്‍സ് റദ്ദാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ പട്ടിക പൊലീസ് ഗതാഗത കമ്മീഷണര്‍ക്ക് കൈമാറി. 50 ബസുകളിലെ ജീവനക്കാര്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തല്‍. കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ നടപടിയുണ്ടാകും.

സമരത്തില്‍ പങ്കെടുത്ത കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്കെതിരെ റോഡ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മാര്‍ഗ്ഗതടസമുണ്ടാക്കുന്ന രീതിയില്‍ ബസുകള്‍ വഴിയില്‍ പാര്‍ക്ക് ചെയ്തവര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഇവരുടെ ലൈസന്‍സ് വിവരങ്ങള്‍ ആര്‍.ടി.ഒ പൊലീസില്‍ നിന്നും തേടിയിട്ടുണ്ട്.

കെ.എസ്.ആര്‍.ടിസി മിന്നല്‍ പണിമുടക്കിനിടെ ഗതാഗതക്കുരുക്കില്‍ പെട്ട് ഒരാള്‍ മരിച്ച സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

മിന്നല്‍ സമരത്തിനിടെ തളര്‍ന്നു വീണ് മരിച്ച സുരേന്ദ്രന്റെ വീട് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം.

”എന്തൊരു മര്യാദ കേടാണ് യഥാര്‍ത്ഥത്തില്‍ കാട്ടിയത്. സമരം ചെയ്യാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അതിനെ ചോദ്യം ചെയ്യുന്നില്ല. സമരം ചെയ്യാന്‍ വേണ്ടി കിഴക്കേകോട്ട പോലെ ഒരു പ്രദേശത്ത് വാഹനങ്ങള്‍ തലങ്ങനെയും വിലങ്ങനെയും കൊണ്ടിട്ട് ഡ്രൈവര്‍മാര്‍ ഇറങ്ങിപ്പോയി.

ആളുകളോട് യുദ്ധമാണ് യഥാര്‍ത്തില്‍ പ്രഖ്യാപിച്ചത്. ഈ കെ.എസ്.ആര്‍.ടിസിയെ നിലനിര്‍ത്തുന്നതിനു വേണ്ടി ജനങ്ങളുടെ നികുതി പണം എടുത്ത് തീറ്റയ്ക്ക് കൊടുക്കുകയാണ് ചെയ്യുന്നത്. അവര്‍ക്ക് എന്ത് സാമൂഹിക പ്രതിബന്ധതയാണ് ഉള്ളത്.

ഇതിനെയാണ് യഥാര്‍ത്ഥത്തില്‍ അക്രമം എന്നു പറയേണ്ടത്. ഒരു കാരണവശാലും ഇതിനെ ന്യായീകരിക്കില്ല, മാത്രമല്ല ഇന്നലെ ഈ അക്രമം കാണിച്ചവര്‍ക്കെതിരെ നടപടി എടുക്കേണ്ടതുണ്ട്. അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക തന്നെ വേണം യാതൊരു സംശയവുമില്ല,” കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു.

സംഭവത്തില്‍ തിരുവനന്തപുരം ജില്ലാകലക്ടര്‍ ഇന്ന് ഗതാഗത മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കാനിരിക്കെയാണ് കടകംപള്ളിയുടെ വിമര്‍ശനം. മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും ആലോചനയുണ്ട്. സുരേന്ദ്രന്റെ ആകസ്മികമായ മരണത്തിലൂടെ യഥാര്‍ത്ഥത്തില്‍ കുടുംബം അനാഥമായിരിക്കുകയാണ്. മൃതദേഹം തന്നെ കൊണ്ടു വരാന്‍ ഇടമില്ല എന്നവസ്ഥയാണെന്നും കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ അഞ്ച് മണിക്കൂറോളമാണ് തലസ്ഥാനനഗരം സ്തംഭിച്ചത്. ഇതിനിടെ കുഴഞ്ഞു വീണാണ് സുരേന്ദ്രന്‍ എന്നയാള്‍ മരിച്ചത്.

തലസ്ഥാനത്ത് റോഡ് ഗതാഗതം തടസപ്പെടുത്തി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ സമരത്തില്‍ ആറ് കേസുകള്‍ ആണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് നടപടി. സ്വകാര്യ ബസുടമകളുടെ പരാതിയിലും വാഹനഗതാഗതം തടസപ്പെടുത്തിയതിനും സമരക്കാര്‍ക്ക് എതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തമ്പാനൂര്‍, ഫോര്‍ട്ട് പൊലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തിരുവനന്തപുരത്ത് ഇന്നലെ നടന്ന കെഎസ് ആര്‍ടിസി സമരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കലക്ടര്‍ക്ക് വിശദീകരണം നല്‍കിയിരുന്നു. ഗതാഗത തടസ്സവും ക്രമസമാധാന പ്രശ്‌നമുണ്ടായപ്പോഴാണ് ഇടപ്പെട്ടത്. ഒരു സ്വകാര്യബസിലെ ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കയ്യേറ്റം ചെയ്തുവെന്ന വിവരത്തെത്തുടര്‍ന്നാണ് സംഭവസ്ഥലത്ത് പൊലീസ് എത്തുന്നത്.

ഒരു പൊലീസ് ഡ്രൈവറും എസ്.ഐയും മാത്രമാണ് സ്ഥലത്തെത്തിയത്. എന്നാല്‍ ഇവരെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കയ്യേറ്റം ചെയ്തു. ഇതിനാണ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ തെളിവെടുപ്പിന് കൈമാറി.

സമരത്തിനിടെ കുഴഞ്ഞുവീണ കടകംപള്ളി സ്വദേശി സുരേന്ദ്രനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയിട്ടില്ല. 3.07 നാണ് കണ്‍ട്രോള്‍ റൂമില്‍ കുഴഞ്ഞുവീണുവെന്ന വിവരം എത്തിയത്.

3.14 സുരേന്ദ്രനെ ആശുപത്രിയിലെത്തിച്ച് ഒപിയെടുത്തുവെന്നും കമ്മീഷണര്‍ വിശദീകരണം നല്‍കി. എന്നാല്‍ സ്വകാര്യ ബസിന് അനുകൂലമായ നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നാണ് കെ.എസ്.ആര്‍.ടി.സി നല്‍കുന്ന വിശദീകരണം.

മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് ഒരാള്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിന് ജില്ലാ കളക്ടര്‍ ഇന്ന് ഗതാഗതമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. ജില്ലാകളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ക്കെതിരായ തുടര്‍നടപടി സ്വീകരിക്കുക.

ആറ്റുകാല്‍ ഉത്സവ സമയമായതിനാല്‍ ഈ മേഖലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രതയോടെയുളള നടപടിയെടുക്കാനാണ് തീരുമാനം. മാര്‍ഗ്ഗ തടസമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ മനപൂര്‍വം കെ.എസ്.ആര്‍.ടി.സി ഗാരേജുകളില്‍ കിടന്നിരുന്ന വാഹനങ്ങള്‍ പൊതുനിരത്തില്‍ പാര്‍ക്ക് ചെയ്തതിന് ഡ്രൈവര്‍മാര്‍ക്കെതിരെ മോട്ടോര്‍വാഹന നിയമപ്രകാരം നടപടിയെടുക്കും.

ഇതിനിടെ കെ.എസ്.ആര്‍.ടി.സി മിന്നല്‍ സമരത്തിനിടയില്‍ കുഴഞ്ഞുവീണയാള്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ച നഴ്‌സ് രംഗത്തെത്തി. സുരേന്ദ്രന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് കുഴഞ്ഞുവീണയാള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കിയ നഴ്‌സ് രഞ്ജുവിന്റെ പ്രതികരണം.

ഗതാഗതക്കുരുക്ക് ആയതിനാല്‍ ആംബുലന്‍സ് എത്താന്‍ വൈകി. പതിനഞ്ച് മിനിറ്റോളം പ്രഥമശുശ്രൂഷ നല്‍കി. നേരത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നു എങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും പി.ആര്‍എസ് ഹോസ്പിറ്റലിലെ നഴ്‌സായ രഞ്ജു പറയുന്നു

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ