KSRTC
കെ.എസ്.ആര്‍.ടി.സിയിലെ മിന്നല്‍ സമരം; നഷ്ടം ഒരു കോടിയെന്ന് തച്ചങ്കരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 16, 06:17 pm
Tuesday, 16th October 2018, 11:47 pm

തിരുവനന്തപുരം: ഇന്ന് രാവിലെ നടന്ന മിന്നല്‍ പണിമുടക്കില്‍ കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം ഒരു കോടിയെന്ന് സി.എം.ഡി. ടോമിന്‍ തച്ചങ്കരി. ജീവനക്കാര്‍ പത്ത് ലക്ഷം യാത്രക്കാരെ മൂന്നര മണിക്കൂര്‍ നേരം ബുദ്ധിമുട്ടിലാക്കിയെന്നും തച്ചങ്കരി. പറഞ്ഞു.

പല ആവശ്യങ്ങള്‍ക്കും പുറത്തുപോകുന്നവരാണ് ബസില്‍ യാത്രചെയ്യുന്നത്. പരീക്ഷയ്ക്ക് പോകുന്നവരും ജോലിക്ക് പോകുന്നവരും സമരം കാരണം വലഞ്ഞു. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത് യാത്രക്കാര്‍ നല്‍കുന്ന പണത്തില്‍ നിന്നാണെന്ന് ഓര്‍ക്കണമെന്നും തച്ചങ്കരി പറഞ്ഞു

സംഘടിത ശക്തിയുണ്ടെന്നു കരുതി നാട്ടുകാരെ വിഷമിപ്പിക്കുന്ന സമീപനമാണ് ജീവനക്കാരില്‍നിന്ന് ഉണ്ടായത്. ജീവനക്കാര്‍ക്ക് പരാതിയുണ്ടെങ്കില്‍ തന്നെ സമീപിക്കണമെന്നും ജീവനക്കാരുടെ ധാര്‍ഷ്ട്യം ഇനി ജനം കൈകാര്യം ചെയ്യുമെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.

കെ.എസ്.ആര്‍.ടി.സിയുടെ റിസര്‍വേഷന്‍ കൗണ്ടര്‍ ജോലികള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ചൊവ്വാഴ്ചത്തെ സമരം. ഗതാഗതമന്ത്രി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സമരം പിന്‍വലിച്ചത്.