കോഴിക്കോട്: നഗരം ചുറ്റാനായി കോഴിക്കോട്ടും ഡബിള്‍ ഡെക്കര്‍ സിറ്റി റൈഡ് സര്‍വീസ് ആരംഭിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി.
കോഴിക്കോട് നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ പ്ലാനിറ്റേറിയം, തളിക്ഷേത്രം, കുറ്റിച്ചിറ മിശ്കാല്‍ പള്ളി, കുറ്റിച്ചിറ കുളം, കോതി-വരക്കല്‍ ബീച്ച് എന്നിവ ബന്ധപ്പെടുത്തിയായിരിക്കും ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസ്.
ഉച്ച മുതല്‍ രാത്രി വരെയാണ് ഡബിള്‍ ഡെക്കര്‍ സിറ്റി റൈഡ് സര്‍വീസ് കോഴിക്കോട് നഗരം ചുറ്റുക. 200 രൂപയായിരിക്കും ഈ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള സര്‍വീസിനുള്ള ബസ് ചാര്‍ജ്. കെ.എസ്.ആര്‍.ടി.സി കോഴിക്കോട് ഡിപ്പോ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
ആദ്യഘട്ടമായി തിരുവനന്തപുരം നഗരത്തിലാണ് കഴിഞ്ഞ വര്‍ഷം കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡെക്കര്‍ സിറ്റി റൈഡ് സര്‍വീസ് ആരംഭിച്ചത്. ഇത് വന്‍ വിജയമായതിനെത്തുടര്‍ന്നാണ് കോഴിക്കോട്ടേക്കും വ്യാപിപ്പിക്കുന്നത്.
തിരുവനന്തപുരം നഗരത്തില്‍ പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലുമാള്‍ റൂട്ടിലാണ് ബസ് സര്‍വീസ് നടത്തുന്നത്.