| Wednesday, 20th May 2020, 7:36 am

സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഇന്നുമുതല്‍; 'യാത്ര നിയന്ത്രണങ്ങളോടെ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇന്നു മുതല്‍ ഓടിത്തുടങ്ങും. ഭാഗികമായാണ് സര്‍വീസ് നടത്തുന്നത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ രണ്ടു മാസത്തിന് ശേഷമാണ് കെ.എസ്.ആര്‍.ടി.സി പുനഃസ്ഥാപിക്കുന്നത്.

രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ഏഴുമണിവരെയാണ് ബസ് സര്‍വീസ് നടത്തുക. ബസില്‍ കൃത്യമായി അകലം പാലിച്ച് മാത്രമേ യാത്രക്കാരെ കയറ്റുകയുള്ളു. ബസിലെ സീറ്റിന്റെ എണ്ണത്തിന്റെ പകുതി യാത്രക്കാരെയാണ് അനുവദിക്കുക.

ജില്ലകള്‍ക്കുള്ളിലെ ഓര്‍ഡിനറി സര്‍വീസാണ് നിലവില്‍ നടത്തുക. തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വീസ് നടത്തും.

കെ.എസ്.ആര്‍.ടി.സിയുടെ ക്യാഷ്‌ലെസ് ടിക്കറ്റ് സംവിധാനമായ ചലോ കാര്‍ഡ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നുണ്ട്. ആറ്റിങ്ങല്‍- തിരുവനന്തപുരം, നെയ്യാറ്റിന്‍കര-തിരുവനന്തപുരം, റൂട്ടിലാണ് കാര്‍ഡ് നടപ്പിലാക്കുന്നത്.

തിരക്ക് കൂടിയാല്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുമെന്ന് സര്‍വീസ് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം സ്വകാര്യബസ് നിരത്തിലറക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായില്ല. ജില്ലയ്ക്കകത്ത് ഇന്നു മുതല്‍ സ്വകാര്യ ബസ് സര്‍വീസ് അനുവദിച്ചിരുന്നെങ്കിലും ബസുകള്‍ ഓടിക്കേണ്ടതില്ലെന്ന നിലപാടിലാണ് സ്വകാര്യ ബസ്സുടമകളുടെ സംഘടന.

സര്‍ക്കാര്‍ നിശ്ചയിച്ച നിബന്ധനകളോടെ ബസ്സ് ഓടിക്കുന്നത് പ്രായോഗികമല്ലെന്നും സര്‍ക്കാരിനോട് ചോദിച്ചത് ഇരട്ടി ബസ് ചാര്‍ജ് വര്‍ദ്ധനയാണെന്നും ബസ്സുടമകള്‍ പറഞ്ഞു. 50 ശതമാനം ആളുകളുമായി ബസ്സ് ഓടുന്നത് ലാഭകരമല്ലെന്നും കനത്ത നഷ്ടം അതുമൂലം ഉണ്ടാകുമെന്നുമാണ് സംഘടനകള്‍ പറയുന്നത്.

അതേസമയം നിരക്ക് കൂട്ടിയാലും ബസ് ഓടിക്കില്ലെന്ന നിലപാട് ബസുടമകള്‍ മാറ്റണമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more