പെന്‍ഷന്‍ കൊടുക്കാന്‍ കാശില്ല; രണ്ട് ഡിപ്പോകള്‍ പണയം വെച്ച് കെ.എസ്.ആര്‍.ടി.സി
K.S.R.T.C
പെന്‍ഷന്‍ കൊടുക്കാന്‍ കാശില്ല; രണ്ട് ഡിപ്പോകള്‍ പണയം വെച്ച് കെ.എസ്.ആര്‍.ടി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd December 2017, 1:54 pm

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ പണമില്ലാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ പണയം വച്ചു. എറ്റുമാനൂര്‍, കായംകുളം ഡിപ്പോകളാണ് കൊല്ലം സഹകരണ ബാങ്കില്‍ 50 കോടി രൂപയ്ക്ക് പണയം വച്ചത്. നാലുമാസത്തെ പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഡിപ്പോ പണയം വച്ച് പണം കണ്ടെത്തിയത്.

സര്‍ക്കാര്‍ ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ 12 ശതമാനം പലിശനിരക്കിലാണ് വായ്പയെടുത്തതെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ വ്യക്തമാക്കിയത്.

എതാനും വര്‍ഷങ്ങളായി ഡിപ്പോകളും മറ്റു വസ്തുക്കളും പണയം വെച്ചാണ് ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നത്. എകദേശം 1300 കോടി രൂപയാണ് ഈയിനത്തില്‍ ബാങ്കില്‍ നിന്ന വായ്പയായി എടുത്തിട്ടുള്ളത്. ഉയര്‍ന്ന പലിശനിരക്കായതിനാല്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. ബാങ്കുകള്‍ കുറഞ്ഞ പലിനിരക്കില്‍ ദീര്‍ഘകാല വായ്പ അനുവദിക്കുകയാണെങ്കില്‍ തിരിച്ചടവ് തുകയില്‍ നി്ന്ന് ഒരുമാസം എകദേശം 60 കോടിയോളം രൂപ ലാഭിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.