കെ.എസ്.ആര്‍.ടി.സിയുടെ രക്ഷകനാകാന്‍ ശരദ് പവാര്‍ വരുന്നു; മഹാരാഷ്ട്രയിലെ ബാങ്കുകളില്‍നിന്നും 1600 കോടി വായ്പ ലഭ്യമാക്കും
Kerala
കെ.എസ്.ആര്‍.ടി.സിയുടെ രക്ഷകനാകാന്‍ ശരദ് പവാര്‍ വരുന്നു; മഹാരാഷ്ട്രയിലെ ബാങ്കുകളില്‍നിന്നും 1600 കോടി വായ്പ ലഭ്യമാക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th June 2017, 10:34 am

തിരുവനന്തപുരം: കടക്കെണിയില്‍ നിന്നും കടക്കെണിയിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആര്‍.ടിസിയെ രക്ഷിക്കാന്‍ ശരദ് പവാര്‍ വരുന്നു. 1600 കോടി രൂപ മഹാരാഷ്ട്രയിലെ ബാങ്കുകളില്‍നിന്നു കുറഞ്ഞ പലിശനിരക്കില്‍ ലഭ്യമാക്കാമെന്നാണു ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ പാര്‍ട്ടിയായ എന്‍സിപിയുടെ ദേശീയ അധ്യക്ഷന്‍ കൂടിയായ ശരദ് പവാറിന്റെ വാഗ്ദാനം.

മഹാരാഷ്ട്രയിലെ ബാങ്കുകളുമായി പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി. പലിശയും തിരിച്ചടവു കാലാവധിയും മറ്റും തീരുമാനിക്കാന്‍ ധന, ഗതാഗത ഉദ്യോഗസ്ഥര്‍ ഈയാഴ്ച മുംബൈയിലെത്തി ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തും.

കെ.എസ്.ആര്‍.ടിസിയുടെ നിലവിലുള്ള കടം 4000 കോടി രൂപയാണ്. ഇതില്‍ പല ധനകാര്യ സ്ഥാപനങ്ങളില്‍നിന്നായി എടുത്ത ഹ്രസ്വകാല വായ്പ 1600 കോടി വരും.

കേരളത്തിലെ ബാങ്കുകളില്‍നിന്നു വായ്പ ലഭിക്കുന്നതിലുള്ള സാങ്കേതിക തടസ്സങ്ങള്‍ തോമസ് ചാണ്ടി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി ടി.എം.തോമസ് ഐസക് എന്നിവരുടെ അംഗീകാരത്തോടെയാണു പവാറുമായി തോമസ് ചാണ്ടി ചര്‍ച്ച നടത്തിയത്.

ഇതിന്റെ പലിശയിനത്തില്‍ പ്രതിദിനം 2.61 കോടിയാണു കെ.എസ്.ആര്‍.ടി.സി അടയ്ക്കുന്നത്. ശരാശരി അഞ്ചരക്കോടി രൂപ മാത്രമാണു പ്രതിദിന വരുമാനം. ഈ വായ്പകള്‍ ദീര്‍ഘകാല വായ്പയെടുത്തു തിരിച്ചടച്ചാല്‍ ശമ്പളത്തിനുള്ള തുക കെ.എസ്.ആര്‍.ടി.സി വരുമാനത്തില്‍നിന്നു തന്നെ കണ്ടെത്താനാകുമെന്നും എല്ലാ മാസവും വായ്പയ്ക്കായി അലയേണ്ടി വരില്ലെന്നുമാണു വിലയിരുത്തല്‍. ദീര്‍ഘകാല വായ്പയ്ക്കായി കേരളത്തിലെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ചര്‍ച്ച നടത്തിയെങ്കിലും 11%13% പലിശ ആവശ്യപ്പെട്ടതോടെ സര്‍ക്കാര്‍ പിന്മാറുകയായിരുന്നു.

തുടര്‍ന്നാണു മന്ത്രി തോമസ് ചാണ്ടി പവാറുമായി ചര്‍ച്ച നടത്തിയത്. 10 ശതമാനത്തില്‍ താഴെ പലിശയ്ക്കു വായ്പ ലഭിക്കുമെന്നാണു പ്രതീക്ഷ. 10 വര്‍ഷമെങ്കിലും കാലാവധിയുള്ള വായ്പയാണു തേടുന്നത്. സര്‍ക്കാര്‍ ഈടുനില്‍ക്കും. നിലവില്‍ പ്രതിമാസം 270 കോടിയാണു കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനച്ചെലവ്. വരുമാനം 170 കോടിയും.