|

ഒരു കിലോമീറ്റർ ഓടിക്കാൻ വേണ്ടത് 4 രൂപ മാത്രം ; ഹിറ്റായി കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസുകൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ ലാഭകരമാണെന്ന് കെ.എസ്.ആർ.ടി.സിയുടെ കണക്കുകൾ. 113 ഇലക്ട്രിക് ബസുകൾ ആണ് തിരുവനന്തപുരം നഗരത്തിൽ ഇപ്പോൾ സർവീസ് നടത്തുന്നത്. ഈ ബസുകളിൽ നിന്ന് കിട്ടുന്ന വരുമാനം 25000 രൂപയാണ്. ഡീസൽ ബസ് ഉപയോഗിച്ച് സർവീസ് നടത്തിയിരുന്ന സമയത്തേക്കാൾ ലാഭമാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി.ക്ക് ലഭിക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

മുമ്പ് ഏകദേശം 3000 മാത്രമായിരുന്നു ദിവസം യാത്രക്കാരുടെ എണ്ണമെങ്കിൽ ഇലക്ട്രിക് ബസിന്റെ വരവോടെ അത് 80,000 ആയി ഉയർന്നു. ഡീസൽ ബസിന് ഒരു കിലോമീറ്റർ ഓടിക്കാൻ 25 രൂപയാണ് ചെലവ് വരുന്നതെങ്കിൽ ഇലക്ട്രിക് ബസിന് നാല് രൂപയെ ചെലവാകുന്നുള്ളൂ. യാത്രാനിരക്ക് 10 രൂപയായി കുറച്ചതും ലാഭത്തിന് കാരണമാണ്.

ഒരു ഡീസൽ ബസ് വാങ്ങുന്ന പണത്തിന് മൂന്ന് ഇലക്ട്രിക് ബസ് വാങ്ങാമെന്ന മന്ത്രിയുടെ വാദം ശരിവെക്കുന്നതാണ് കണക്കുകൾ. എന്നാൽ ഇലക്ട്രിക് ബസ് വാങ്ങാൻ കിഫ്‌ബിയിലൂടെയും കേന്ദ്രസർക്കാരിന്റെ സ്മാർട്ട് സിറ്റി പദ്ധതിയിലൂടെയും പണം ലഭിക്കുമെന്നതിനാൽ ഈയിനത്തിൽ കെ.എസ്.ആർ.ടി.സിക്ക് പ്രത്യേക പണച്ചെലവില്ല.

ജനങ്ങൾ ഇലക്ട്രിക് ബസ്സിനെ ഇരുകൈയും നീട്ടി സ്വീകരിച്ചതാണ് പദ്ധതിയുടെ വിജയത്തിന് കാരണമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. എന്നാൽ കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ നടത്തി ബസ്സുകളെ ലാഭത്തിൽ ആക്കേണ്ടത് ഇനി കെ.എസ്.ആർ.ടി.സിയുടെ ഉത്തരവാദിത്തമാണെന്ന് വി.കെ. പ്രശാന്ത് എം.എൽ.എ പറഞ്ഞു.

Content Highlight: figures shows that KSRTC’s Electric buses are profitable 

Video Stories