| Wednesday, 14th February 2018, 6:26 pm

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ 20 മുതല്‍ നല്‍കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍;പെന്‍ഷന്‍ കാത്തിരിക്കുന്നത് 39045 പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ ഈ മാസം 20 മുതല്‍ നല്‍കി തുടങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഈ മാസം 28 നകം തന്നെ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.

ഇതിനായി പെന്‍ഷന്‍തുക നേരത്തെ നിക്ഷേപിക്കപ്പെട്ടിരുന്ന ബാങ്ക് ബ്രാഞ്ചുകളുടെ സമീപത്തുള്ള സഹകരണ ബാങ്കിലോ സംഘങ്ങളിലോ പെന്‍ഷന്‍കാര്‍ അക്കൗണ്ട് തുടങ്ങണമെന്നും അക്കൗണ്ട് തുടങ്ങുന്നതിന് പിന്നാലെ കുടിശ്ശിക അടക്കമുള്ള പെന്‍ഷന്‍ തുക നിക്ഷേപിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളാണ് യുദ്ധകാല അടിസ്ഥാനത്തില്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആകെ 250 കോടി രൂപയാണ് കണ്‍സോര്‍ഷ്യം ഇപ്രകാരം ആദ്യം സമാഹരിക്കുന്നത്. 219 കോടി രൂപയാണ് പെന്‍ഷന്‍കാരുടെ കുടിശ്ശിക സഹിതമുള്ള പെന്‍ഷന്‍ നല്‍കാന്‍ ഈ മാസം വേണ്ടി വരുന്നത്. തുടര്‍മാസങ്ങളില്‍ കൃത്യമായി പെന്‍ഷന്‍ തുക അതാത് സഹകരണ ബാങ്കുകളിലെ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്താകെ 39045 പെന്‍ഷന്‍കാരാണ് ഉള്ളത്. ഇവരുടെ കണ്ണീരൊപ്പാനും, കെഎസ്ആര്‍ടിസിയെ വലിയ പ്രതിസന്ധിയില്‍ നിന്ന് കൈത്താങ്ങ് നല്‍കി രക്ഷിക്കാനും സഹകരണമേഖലയുടെ സാമൂഹിക പ്രതിബദ്ധതയാര്‍ന്ന ഇടപെടലിലൂടെ സാധിക്കുകയാണെന്നും
സംസ്ഥാന സര്‍ക്കാരിന്റെ ഗ്യാരന്റിയുടെ അടിസ്ഥാനത്തിലാണ് ഈ പണം പെന്‍ഷന്‍കാര്‍ക്ക് നല്‍കുന്നത്. ഒരു ആശങ്കയുടെയും കാര്യമില്ലെന്നും മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.

സഹകരണ പ്രസ്ഥാനത്തിന്റെ കരുത്താണ് ഇത്രയധികം തുക സമാഹരിച്ച് വിതരണം ചെയ്യാനുള്ള ഇടപെടലിലൂടെ വ്യക്തമായിരിക്കുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടി ചേര്‍ത്തു.

ബജറ്റില്‍ ഇതിനായി തുക വകയിരുത്തിയിട്ടുണ്ടെന്നതിനാല്‍ പത്ത് ശതമാനം പലിശ സഹിതം യഥാസമയത്ത് വായ്പാത്തുക പ്രാഥമിക സംഘങ്ങള്‍ക്ക് മടക്കി നല്‍കുമെന്ന് സഹകരണ വകുപ്പ് സെക്രട്ടറി പി.വേണുഗോപാല്‍ ഐ.എ.എസ് അറിയിച്ചു.

We use cookies to give you the best possible experience. Learn more