കെ.എസ്.ആര്‍.ടി.സി പിരിച്ചുവിടപ്പെട്ട എംപാനല്‍ ജീവനക്കാരുടെ സമരം ഇന്ന് തുടങ്ങും: സെക്രട്ടേറിയേറ്റ് വളയലും ശയനപ്രദക്ഷിണവും നടത്തും
Kerala News
കെ.എസ്.ആര്‍.ടി.സി പിരിച്ചുവിടപ്പെട്ട എംപാനല്‍ ജീവനക്കാരുടെ സമരം ഇന്ന് തുടങ്ങും: സെക്രട്ടേറിയേറ്റ് വളയലും ശയനപ്രദക്ഷിണവും നടത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st January 2019, 8:18 am

തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട എംപാനല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം ഇന്ന് തുങ്ങും. സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയേറ്റ് വളയലും ശയനപ്രദക്ഷിണവും നടത്തുമെന്നും സമര സമിതി അറിയിച്ചു.

സര്‍ക്കാരും തൊഴിലാളി യൂണിയനുകളും വഞ്ചിച്ചെന്നാരോപിച്ചാണ് എംപാനല്‍ ജീവനക്കാര്‍ സമരം നടത്തുന്നത്.3000ത്തിലേറെ പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് സമരക്കാര്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം കെ.എസ്.ആര്‍.ടി.സി എംപാനല്‍ കണ്ടക്ടര്‍മാരെ ഒഴിവാക്കുന്നത് സംബന്ധിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട ശേഷം 1421 പേര്‍ ജോലിയില്‍ പ്രവേശിച്ചുവെന്നും 71 പേര്‍ സമയം ചോദിച്ചുവെന്നും കെ.എസ്.ആര്‍.ടി.സി കോടതിയെ അറിയിച്ചിരുന്നു.

Also Read: ചിന്നക്കനാല്‍ ഇരട്ടക്കൊലപാതകം; അഞ്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

3941 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കിയിട്ടുണ്ട്. നിലവില്‍ അവധിയില്‍ ഉള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ്. അതിനു ശേഷം മാത്രമെ സ്ഥിരം ഒഴിവുകള്‍ കണക്കാക്കാനാകുവെന്നുമാണ് കെ.എസ്.ആര്‍.ടി.സി വിശദീകരണം നല്‍കിയിട്ടുള്ളത്.

കെ.എസ്.ആര്‍.ടി.സി എം പാനല്‍ ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചു വിടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. പത്ത് വര്‍ഷത്തില്‍ താഴെ സര്‍വീസുള്ള കരാര്‍ തൊഴിലാളികളെ പിരിച്ചു വിടാനാണ് കോടതി ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടത്. ഉത്തരവ് പ്രകാരം നാലായിരത്തോളം കരാര്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി.

എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചു വിടാനുള്ള ഉത്തരവ് നടപ്പാക്കാന്‍ രണ്ട് മാസം സമയം ചോദിച്ച് കെ.എസ്.ആര്‍.ടി.സി ഫയല്‍ ചെയ്ത ടൈം എക്സ്റ്റെന്‍ഷന്‍ പെറ്റീഷന്‍ ്ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. 17ന് കേസ് വരുന്നതിന് മുന്‍പ് 4071 പേരെ പിരിച്ചു വിടണമെന്നായിരുന്നു നിര്‍ദ്ദേശം.