കോഴിക്കോട്: രാത്രി സമയങ്ങളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിര്‍ത്തണമെന്ന് ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ ഉത്തരവ്.
രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാണ് യാത്രക്കാരുടെ ആവശ്യാനുസരണം ബസുകള്‍ നിര്‍ത്തേണ്ടത്. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ ആവശ്യങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കണമെന്നും ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.
ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കെ.എസ്.ആര്‍.ടി.സി സി.എം.ഡി പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മിന്നല്‍ സര്‍വീസുകള്‍ക്ക് പുതിയ ഉത്തരവ് ബാധകമല്ല.
അതേസമയം, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ മുന്നൂറിലധികം സര്‍വീസുകള്‍ നിര്‍ത്തി. ശബരിമല ഡ്യൂട്ടിക്ക് പോയവരില്‍ മിക്കവരും രോഗബാധിതരായി. തിരുവനന്തപുരത്ത് മാത്രം 80 ലധികം ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്.
തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ 25 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചീഫ് ഓഫീസിലും രോഗ വ്യാപനം രൂക്ഷമാണ്. എറണാകുളം ഡിപ്പോയില്‍ 15 പേര്‍ക്ക് കൊവിഡ്. രോഗവ്യാപനത്തെ തുടര്‍ന്ന് ജീവനക്കാരില്ലാത്തതിനാല്‍ സംസ്ഥാനത്ത് ആകെ 399 ബസുകള്‍ ജീവനക്കാരില്ലാതെ സര്‍വീസ് നിര്‍ത്തേണ്ട സാഹചര്യമാണുള്ളത്.
എന്നാല്‍, ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതിനാല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വെട്ടിക്കുറച്ചെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.
3437 കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇന്നലെ സര്‍വീസ് നടത്തി. 650ല്‍ താഴെ ജീവനക്കാര്‍ക്ക് മാത്രമാണ് കൊവിഡ് ബാധയുള്ളത്. മറ്റു പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഒട്ടുമിക്ക ജീവനക്കാരും വാക്സിനേറ്റഡ് ആണ്. കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാര്‍ക്ക് ഉടന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കും. തിരക്കൊഴിവാക്കാന്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കും.
ഡ്രൈവിങ് ടെസ്റ്റ് നിര്‍ത്തിവെക്കാന്‍ ഉത്തരവിറക്കിയ എറണാകുളം ആര്‍.ടി.ഒയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ആര്‍.ടി.ഒ ഓഫീസുകള്‍ അടയ്ക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: KSRTC orders employees to stop KSRTC buses at night