| Wednesday, 21st September 2022, 12:09 pm

'മാനസിക വിഭ്രാന്തിയുള്ള ചുരുക്കം ജീവനക്കാരുണ്ട്, അവരാണ് കെ.എസ്.ആര്‍.ടി.സിയുടെ ശാപം'; പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെ.എസ്.ആര്‍.ടി.സി എം.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ മകളുടെ മുന്നില്‍ വെച്ച് പിതാവിനെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ തല്ലിയ സംഭവത്തില്‍ പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍.

കെ.എസ്.ആര്‍.ടി.സിയില്‍ മാനസിക വിഭ്രാന്തിയുള്ള ചുരുക്കം ജീവനക്കാരുണ്ടെന്നും, അവരാണ് കെ.എസ്.ആര്‍.ടി.സിയുടെ അടിസ്ഥാന ശാപമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. ഇത്തരക്കാരെ മാനേജ്‌മെന്റ് സംരക്ഷിക്കില്ല. ഇങ്ങനെയുള്ള കളകളെ പറിച്ച് കളയാനാണ് സര്‍ക്കാര്‍ നിര്‍ദേശമെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി.

ഈ ഒറ്റപ്പെട്ട ഈ സംഭവത്തെ തെറ്റായി തന്നെ കണ്ട്, കെ.എസ്.ആര്‍.ടി.സിക്കും അതിലെ ജീവനക്കാര്‍ക്കും നിങ്ങള്‍ നാളിതുവരെ നല്‍കിവന്നിരുന്ന സ്‌നേഹവും സഹകരണവും ആത്മാര്‍ത്ഥതയും തുടര്‍ന്നും ഉണ്ടാകണമെന്ന് സ്‌നേഹത്തിന്റെ ഭാഷയില്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും ബിജു പ്രഭാകര്‍ പ്രസ്താവനയിലൂടെ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ കണ്‍സഷന്‍ എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മകളുടെ മുമ്പില്‍ വെച്ച് പിതാവിനെ മര്‍ദിച്ചത്. സംഭവത്തെ തുടര്‍ന്ന് ഉത്തരവാദികളായ നാല് കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.

കെ.എസ്.ആര്‍.ടി.സി ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്. ആര്‍. സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍. അനില്‍കുമാര്‍, അസിസ്റ്റന്റ് സി.പി. മിലന്‍ ഡോറിച്ച് എന്നിവരെയണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തത്.

പഞ്ചായത്ത് ജീവനക്കാരനായ കാട്ടാക്കട ആമച്ചല്‍ സ്വദേശി പ്രേമനാണ് കഴിഞ്ഞ ദിവസം, ഉദ്യോഗസ്ഥരില്‍ നിന്ന് മര്‍ദനമേറ്റത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ പ്രേമന്റെ മകളുടെ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് കൗണ്ടറില്‍ ഇരുന്ന ജീവനക്കാരന്‍ ആവശ്യപ്പെടുകയും എന്നാല്‍, കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വീണ്ടും നല്‍കാതെ കണ്‍സെഷന്‍ തരാന്‍ കഴിയില്ലെന്ന് ജീവനക്കാരന്‍ പറഞ്ഞതോടെ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രേമനെ മര്‍ദിക്കുകയായിരുന്നു. മകളും സുഹൃത്തും പ്രേമനൊപ്പമുണ്ടായിരുന്നു.

പ്രേമനെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മര്‍ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം പ്രചരിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ പ്രേമനെ വലിച്ചുകൊണ്ടുപോയി തൊട്ടടുത്തുള്ള മുറിയിലിട്ട് മര്‍ദിക്കുന്നതാണ് വീഡിയോയിലുള്ളത്. മകളുടെ മുന്നിലിട്ട് അടിക്കല്ലേയെന്ന് പ്രേമനും അച്ചനെ തല്ലല്ലേയെന്ന് മകളും പറയുന്നത് വീഡിയോയില്‍ കാണാം.

Content Highlight: KSRTC MD Biju Kumar Apologized to the public for Kattakada Attack

We use cookies to give you the best possible experience. Learn more