|

ദളിത് ഹര്‍ത്താല്‍ ശക്തമാകുന്നു; ബസിനടിയില്‍ കിടന്ന് പ്രതിഷേധം, കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തിവെക്കണമെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിര്‍ത്തിവെക്കാന്‍ പൊലീസ് നിര്‍ദ്ദേശം. സംസ്ഥാനത്തുടനീളം ഹര്‍ത്താല്‍ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് നിര്‍ദ്ദേശമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹര്‍ത്താലിനിടെ പലയിടത്തും വാഹനങ്ങള്‍ തടയുന്നുണ്ട്. തിരുവനന്തപുരം തമ്പാനൂരില്‍ സമരാനുകൂലികള്‍ റോഡ് ഉപരോധിക്കുകയും പ്രകടനം നടത്തുകയും ചെയ്തു. കൊല്ലം ശാസ്താംകോട്ടയിലും തൃശൂര്‍ വലപ്പാടും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു.


Also Read:  ‘പൂര്‍ത്തിയായി’; മഞ്ഞപ്പടയുടെ നായകന്‍ ജിങ്കനെ റാഞ്ചാനൊരുങ്ങി കൊല്‍ക്കത്ത


ആലപ്പുഴയിലും ബസ് തടഞ്ഞ സമരാനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴയിലും കടകള്‍ അടപ്പിക്കാനുള്ള ശ്രമമുണ്ടായി. പാലക്കാടും ഹര്‍ത്താലനുകൂലികള്‍ റോഡ് ഉപരോധിക്കുകയാണ്. മിക്ക ജില്ലകളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.

കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ബസിനടിയില്‍ കിടന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ പ്രതിഷേധിക്കുകയാണ്. പട്ടാമ്പിയില്‍ കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ ബസ് അടിച്ചുതകര്‍ത്തു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരാനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. കൊച്ചിയില്‍ ഗീതാനന്ദന്‍ ഉള്‍പ്പെടെ ഏഴുപേരെയും ആലപ്പുഴയില്‍ പതിനൊന്ന് പേരെയും വടകരയില്‍ മൂന്നു പേരെയുമാണ് അറസ്റ്റ് ചെയ്തത്.


Also Read:  ദളിത് പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; ഹര്‍ത്താല്‍ നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് കാനം രാജേന്ദ്രന്‍


കൊച്ചി ഹൈക്കോടതി ജംഗ്ഷനില്‍വെച്ചാണ് ഗീതാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് വടകരയിലും ഉള്ള്യേരിയിലും വാഹനങ്ങള്‍ തടയുന്നുണ്ട്. കണ്ണൂര്‍ പുതിയതെരുവിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയുകയാണ്. കൊല്ലത്തും തിരുവനന്തപുരത്തും കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ തടസ്സപ്പെട്ടിരിക്കുകയാണ്.

ഗീതാനന്ദനു പുറമേ സി.എസ് മുരളി ശങ്കര്‍, അഡ്വ. പി ജെ മാനുല്‍, വി.സി ജെന്നി, അഭിലാഷ് പടച്ചേരി, ജോയ് പാവേല്‍, പ്രശാന്ത്, ഷിജി കണ്ണന്‍ തുടങ്ങി ദളിത് , മനുഷ്യാവകാശ പ്രവര്‍ത്തകരാണ് എറണാകുളത്ത് അറസ്റ്റിലായത്. വടകരയില്‍ ശ്രേയസ് കണാരന്‍, സ്റ്റാലില്‍ വടകര, ആര്‍.കെ ബാബു എന്നിവരയൊണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കേരള യൂണിവേഴ്സിറ്റി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ യൂണിവേഴ്സിറ്റികളും ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. നേരത്തെ ഇന്നു തന്നെ പരീക്ഷ നടത്തുമെന്ന് അറിയിച്ചെങ്കിലും പിന്നീട് പരീക്ഷകള്‍ മാറ്റിവെക്കുകയായിരുന്നു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.


Also Read:  ‘ഇനിയും നിങ്ങള്‍ ഉണര്‍ന്നില്ലെങ്കില്‍ നമ്മള്‍ തുടച്ചുനീക്കപ്പെടും’; രാജ്യത്ത് കര്‍ഷകരും ദളിതരും അപകടത്തിലെന്നും ഹര്‍ദിക് പട്ടേല്‍


ഭൂഅധികാര സംരക്ഷണ സമിതി, കെ.പി.എം.എസ്സ്, ആദിവാസി ഗോത്രമഹാസഭ, ഡി.എച്ച്.ആര്‍.എം, സി.എസ്.ഡി.എസ്, കേരള ദളിത് മഹാസഭ, ദളിത്-ആദിവാസി മുന്നേറ്റ സമിതി, ഡി.സി.യു.എഫ്, ബി.എസ്.പി, ആര്‍.എം.പി, എന്‍.ഡി.എല്‍.എഫ്, എ.കെ.സി.എച്ച്് എം.എസ്, എന്‍.എ.ഡി.ഒ, കെ.ഡി.എഫ്, കെ.എ.ഡി.എഫ്, ആദിജനമഹാസഭ, ഐ.ഡി.എഫ്, കൊടുങ്ങൂര്‍ കൂട്ടായ്മ, കേരള സ്റ്റേറ്റ് വേലന്‍മഹാസഭ, ചെങ്ങറ സമരസമിതി, അരിപ്പഭൂസമരസമിതി, സിറ്റിസണ്‍സ് ഫോറം, സി.പി.ഐ.എം.എല്‍, റെഡ് സ്റ്റാര്‍, എസ്.സി/എസ്സ്.ടി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പാലക്കാട്, എസ്.സി/എസ്.ടി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി-കാസര്‍ഗോഡ്, മലവേട്ടുവ സമുദായ സംഘം-കാസര്‍ഗോഡ്, ഡി.എസ്സ്.എസ്സ്, കേരള ചേരമര്‍ സംഘം, എന്‍.സി.എച്ച്.ആര്‍.ഒ, പെമ്പിളഒരുമൈ, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, സാംബവര്‍ മഹാസഭ തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

Watch This Video: