കോഴിക്കോട്: കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പുനരാരംഭിച്ചു. മലപ്പുറം, വയനാട് ജില്ലകളിലേക്കുള്ള സര്‍വീസുകളാണ് പുനരാരംഭിച്ചത്. തൃശൂര്‍-എറണാകുളം ഭാഗത്തേക്കും കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസുണ്ട്. താമരശേരി ചുരം വഴിയുള്ള കോഴിക്കോട്-ബത്തേരി കെ.എസ്.ആര്‍.ടി.സി. സര്‍വീസ് പുനരാരംഭിച്ചു.
താമരശ്ശേരി, കൊടുവള്ളി, പുതുപ്പാടി, കോടഞ്ചേരി, കാട്ടിപ്പാറ മേഖലകളില്‍ മഴയുടെ ശക്തി കുറഞ്ഞു. പുഴകളിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ദേശീയപാതയില്‍ ഈങ്ങാപ്പുഴ, വാവാട്, നെല്ലാങ്കണ്ടി എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് ഒഴിവായതിനാല്‍ വാഹനങ്ങള്‍ കടന്നു പോവുന്നുണ്ട്.
പടനിലത്ത് വെള്ളം ഒഴിഞ്ഞു തുടങ്ങി. വലിയ വാഹനങ്ങള്‍ കടന്നു പോവുന്നുണ്ട്. താമരശ്ശേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും സര്‍വീസ് പുനരാരംഭിച്ചു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ബി.എസ്.എഫ് സംഘം താമരശ്ശേരിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്താതിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചിരുന്നു.
നേരത്തേ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വാഹനങ്ങള്‍ വിട്ടുനല്‍കാത്ത ജില്ലയിലെ 14 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കളക്ടര്‍ നടപടി സ്വീകരിച്ചിരുന്നു. ദുരന്തനിവാരണ വകുപ്പ് പ്രകാരമായിരുന്നു നടപടി.
മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയിട്ടും വാഹനങ്ങള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് കളക്ടര്‍ നടപടി സ്വീകരിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടാം ശനിയാഴ്ച പ്രവൃത്തി ദിനമായി സര്‍ക്കാര്‍ തലത്തില്‍ തീരുമാനം ഉണ്ടായിട്ടും ഈ ഉദ്യോഗസ്ഥരുടെ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ല. ഈ ഓഫീസുകളില്‍ പലതും സിവില്‍ സ്റ്റേഷനിലാണ് പ്രവര്‍ത്തിക്കുന്നത്.
മൃഗസംരക്ഷണം, ആര്‍ക്കൈവ്സ്, കേരഫെഡ്, ഉപ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, സിവില്‍ സ്റ്റേഷനിലെ സൂപ്പര്‍ ചെക്ക് സെല്‍, ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ റീജിയണല്‍ ഓഫീസ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ്, ഗ്രൗണ്ട് വാട്ടര്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ്, ഡി.എം.ഒ (ഹോമിയോ), ജില്ലാ വ്യവസായ കേന്ദ്രം, കുടുംബശ്രീ, ഡി.ടി.പി.സി, ഡെപ്യൂട്ടി കമ്മീഷണര്‍ (ടാക്സസ്) എന്നീ കാര്യാലയങ്ങളുടെ മേധാവികള്‍ക്ക് എതിരെയാണ് നടപടി.