| Sunday, 31st July 2022, 3:11 pm

എവിടെ പോകാനും ഇനി 10രൂപ; കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസുകള്‍ പരീക്ഷണ സര്‍വീസ് തുടങ്ങി, 45 ലക്ഷം രൂപ ലാഭിക്കാനാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സിയുടെ സിറ്റി സര്‍ക്കുലര്‍ വൈദ്യുതി ബസുകള്‍ സര്‍വീസ് പരീക്ഷണ തുടങ്ങി. 14 ഇലക്ട്രിക് ബസുകളാണ് സര്‍വീസ് തുടങ്ങിയത്. നിലവിലുള്ളതു പോലെ തന്നെ എവിടെപോകാനും പത്തുരൂപയാണ് ടിക്കറ്റ്.

യാത്രക്കാര്‍ കുറവായിരുന്ന റൂട്ടില്‍ നാലു ബസുകളും മറ്റ് റൂട്ടുകളില്‍ രണ്ടുവീതം ബസുകളുമാണ് നിരത്തില്‍. 27 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന താരതമ്യേന ചെറിയ ബസുകള്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കില്ലെന്നതാണ് പ്രത്യേകത.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന സി.സി.ടി.വി ക്യാമറകളും ഓട്ടോമാറ്റിക് ഡോറുകളും പ്രത്യേകതയാണ്. അടുത്തമാസം 25 ഇലക്ട്രിക് ബസുകള്‍ കൂടി സിറ്റി സര്‍ക്കുലറിന്റെ ഭാഗമാകും.

ഇതോടെ, ഇലക്ട്രിക് ബസുകളിലൂടെ ഡീസല്‍ ഇനത്തില്‍ ചെലവാക്കുന്ന 45 ലക്ഷം രൂപ ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ. 24 മണിക്കൂര്‍ എയര്‍-റെയില്‍ സിറ്റി സര്‍ക്കിള്‍ ബസുകള്‍ കൂടി നാളെ നിരത്തിലിറങ്ങും. എയര്‍-റെയില്‍ സിറ്റി സര്‍ക്കിള്‍ ബസുകള്‍ ഗതാഗതമന്ത്രി നാളെ ഫ്‌ളാഗ് ഓഫ് ചെയ്യും.

വിമാനത്താവളത്തിലെ ഡൊമസ്റ്റിക്, ഇന്റര്‍നാഷണല്‍ ടെര്‍മിനലുകളും തമ്പാനൂര്‍ ബസ് സ്റ്റേഷനും സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് എയര്‍-റെയില്‍ സര്‍ക്കുലര്‍ സര്‍വീസ്. അരമണിക്കൂര്‍ ഇടവിട്ട് ബസുകള്‍ സര്‍വീസ് നടത്തും. രണ്ട് ബസാണ് ഇത്തരത്തില്‍ സര്‍വീസ് നടത്തുക.

തലസ്ഥാനത്ത് 64 ബസുകളാണ് നിലവില്‍ സര്‍ക്കുലര്‍ സര്‍വീസ് നടത്തുന്നത്. ഈ ബസുകളില്‍ 23 എണ്ണത്തിന് പകരം ഇലക്ട്രിക് ബസുകള്‍ നിരത്തിലെത്തും. കൂടുതല്‍ ബസുകളെത്തുന്ന മുറയ്ക്ക്, ജന്റം ബസുകള്‍ പിന്‍വലിക്കാനാണ് തീരുമാനം. നിലവില്‍ സിറ്റി സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് കിലോമീറ്റരിന് 37 രൂപയാണ് ചെലവെങ്കില്‍ ഇലക്ട്രിക് ബസുകളെത്തുന്നതോടെ അത് പകുതിയായി കുറയും.

ഇലക്ട്രിക് ബസുകള്‍ ചാര്‍ജ് ചെയ്യാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. പാപ്പനംകോട്ടെ സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പ്, വികാസ് ഭവന്‍ ഡിപ്പോ എന്നിവിടങ്ങളില്‍ നിലവില്‍ ചാര്‍ജിംഗിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പേരൂര്‍ക്കടയില്‍ ചാര്‍ജിങ് സ്റ്റേഷന്‍ നാളെ പ്രവര്‍ത്തന സജ്ജമാകും. രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ സര്‍വീസ് നടത്താന്‍ ശേഷിയുള്ള ബസുകളാണ് എത്തിച്ചിട്ടുള്ളത്. ഫുള്‍ ചാര്‍ജില്‍ 175 കിലോമീറ്റര്‍ ഓടും.

അതേസമയം, പുതിയ ബസുകളില്‍ സ്വിഫ്റ്റിലെ ജീവനക്കാരെ നിയോഗിച്ചതില്‍ യൂണിയനുകള്‍ പ്രതിഷേധത്തിലാണ്. എന്നാല്‍, സിറ്റി സര്‍ക്കുലറിനായി മറ്റ് ഡിപ്പോകളില്‍ നിന്ന് വന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ തിരികെ വിന്യസിക്കാനാകുമെന്നും നയപരമായ തീരുമാനമാണെന്നുമാണ് മാനേജ്‌മെന്റിന്റെ വാദം. ഇക്കാര്യത്തില്‍ യൂണിയനുകളുമായി അനുരഞ്ജനത്തിന് ശ്രമിക്കുകയാണ് മാനേജ്‌മെന്റ്.

Content Highlight: KSRTC introduced new electric buses for town service

We use cookies to give you the best possible experience. Learn more