ഒരു സ്വാകാര്യ സ്ഥപനത്തിന്റെ ഉദ്ഘാടനത്തിനായി ഹരിപ്പാട് എത്തിയ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കാണാന്‍ വന്‍ ജനപ്രവാഹമായിരുന്നു തടിച്ചുകൂടിയത്.
ജനത്തിരക്ക് അനിയന്ത്രിതമായതോടെ താരത്തിന് തന്നെ ഇടപെടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെ കാണാന്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ മുകളില്‍ വരെ ആളുകള്‍ കയറിയല്ലോ എന്ന് സങ്കടം പറഞ്ഞയാള്‍ക്ക് ഹരിപ്പാട് കെ.എസ്.ആര്‍.ടി.സി ഫേസ്ബുക്ക് പേജ് നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
‘മമ്മൂക്ക വികാരമല്ലേ എന്ത് ചെയ്യാന്‍ പറ്റും, സ്റ്റാന്റിന് മുകളില്‍ വരെ ആളുകള്‍ കയറി’ എന്നാണ് ഹരിപ്പാട് കെ.എസ്.ആര്‍.ടി.സി ഫേസ്ബുക്ക് പേജ് മറുപടി പറഞ്ഞത്.
മമ്മൂട്ടിയെ കാണാന്‍ കെ.എസ്.ആര്‍.ടി.സി ബസിന് മുകളില്‍ കയറി ആളുകള്‍ ഇരിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
അതേസമയം റോഡ് ബ്ലോക്ക് ചെയ്താല്‍ അത്യാവശ്യക്കാര്‍ ബുദ്ധിമുട്ടും അതുകൊണ്ട് പരിപാടി വേഗം നടത്തി ഞാന്‍ മടങ്ങും എന്നാണ് മമ്മൂട്ടി ഉദ്ഘാടന വേദിയില്‍ പറഞ്ഞത്.
മമ്മൂട്ടിയുടെ വാക്കുകള്‍ക്ക് കയ്യടിച്ചും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ എത്തുന്നുണ്ട്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക് എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ മമ്മൂട്ടി ചിത്രങ്ങള്‍. ഭീഷ്മ പര്‍വ്വത്തിനു ശേഷം അമല്‍ നീരദ് ഒരുക്കുന്ന ബിലാലിന്റെ ചിത്രീകരണം ഇനിയും ആരംഭിച്ചിട്ടില്ല.
അഖില്‍ അക്കിനേനി നായകനാകുന്ന തെലുങ്ക് ചിത്രം ഏജന്റിലും മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.