കല്‍പ്പറ്റ: കെ.എസ്.ആര്‍.ടി.സി തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കിയ ഗ്രാമവണ്ടി സര്‍വീസ് ഇനി വയനാട്ടിലും. ഉള്‍പ്രദേശങ്ങളിലെ യാത്രാ പ്രശ്‌നങ്ങള്‍ തീര്‍ക്കാനായി ലക്ഷ്യമിടുന്നതാണ് ഗ്രാമവണ്ടി പദ്ധതി.
ഗ്രാമവണ്ടി പദ്ധതിയിലെ ജില്ലയിലെ ആദ്യ ബസ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ഓടിത്തുടങ്ങുന്നത്.
ഗ്രാമവണ്ടി സര്‍വീസിന്റെ ജില്ലാതല ഉദ്ഘാടനം ജനുവരി ആറിന് രാവിലെ പത്തരക്ക് മന്ത്രി ആന്റണി രാജു മാനന്തവാടിയില്‍ നിര്‍വഹിക്കും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ യാത്രാക്ലേശം അനുഭവിക്കുന്ന ജില്ലകളില്‍ ഒന്നാണ് വയനാട്. യാത്രാ ദുരിതം രൂക്ഷമായതും ബസുകള്‍ ഇല്ലാത്തതുമായ റൂട്ടൂകളിലൂടെയായിരിക്കും ഗ്രാമവണ്ടികളുടെ സര്‍വീസ്.
ഉള്‍പ്രദേശങ്ങളിലേക്ക് ഇന്ധന ചിലവിന് പോലും വരുമാനമില്ലാത്ത സര്‍വീസുകളാണ് ഗ്രാമവണ്ടി ആക്കി മാറ്റുന്നത്. ഈ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് ഡീസല്‍, ജീവനക്കാരുടെ താമസം, പാര്‍ക്കിങ് സുരക്ഷ എന്നിവ തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കും.
ഇക്കാരണത്താല്‍ തന്നെ വയനാട് ജില്ലയില്‍ വലിയ സാധ്യതയാണ് ഗ്രാമവണ്ടികള്‍ക്കുള്ളത്.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലുള്‍പ്പെട്ടതും നിലവില്‍ വാഹന സൗകര്യം കുറവുള്ളതുമായ റൂട്ടുകളായ നല്ലൂര്‍നാട് ജില്ല ക്യാന്‍സര്‍ സെന്റര്‍, കാരക്കുനി യൂണിവേഴ്സിറ്റി ക്യാമ്പസ്, ബി.എഡ് സെന്റര്‍ എന്നിവക്ക് മുന്‍ഗണന നല്‍കികൊണ്ടായിരിക്കും സര്‍വീസ്.
രാവിലെ മാനന്തവാടിയില്‍ നിന്നും ആരംഭിച്ച് വൈകുന്നേരം മാനന്തവാടിയില്‍ തന്നെ എത്തുന്ന രീതിയിലാണ് ഗ്രാമവണ്ടിയുടെ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ദിവസേന നൂറ്റമ്പതോളം കിലോമീറ്റര്‍ ഗ്രാമവണ്ടി സഞ്ചരിക്കും.
മാനന്തവാടി ബ്ലോക്കില്‍ പദ്ധതി വിജയിക്കുന്ന പക്ഷം കൂടുതല്‍ പഞ്ചായത്തുകളിലേക്ക് ഗ്രാമവണ്ടികള്‍ ഓടിക്കാനാണ് നീക്കം.
Content Highlight: KSRTC ‘gramavandi’ will also start running in Wayanad