| Monday, 28th November 2022, 11:54 pm

സി.ഐ.ടി.യുവിന് വരെ പ്രതിഷേധിക്കേണ്ടിവന്നു; സി.പി.ഐ.എം പ്രവര്‍ത്തകനെ കൊന്ന കേസിലെ കുറ്റവാളിയായ ബി.എം.എസ് നേതാവിനെ ഒടുവില്‍ പുറത്താക്കി കെ.എസ്.ആര്‍.ടി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം പ്രവര്‍ത്തകനായിരുന്ന ആനാവൂര്‍ നാരായണന്‍ നായര്‍ വധക്കേസില്‍ കുറ്റവാളിയായ ബി.എം.എസ് നേതാവിനെ കെ.എസ്.ആര്‍.ടി.സി സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഇന്‍സ്‌പെക്ടറായിരുന്ന കെ.എല്‍. രാജേഷിനെയാണ് പിരിച്ചുവിട്ടത്.

കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ രാജേഷ് നാരായണന്‍ നായര്‍ വധക്കേസിലെ ഒന്നാം പ്രതിയാണ്.

നേരത്തെ കെ.എല്‍. രാജേഷിനെ കെ.എസ്.ആര്‍.ടി.സി എന്തുകൊണ്ട് പുറത്താക്കുന്നില്ലെന്ന ചോദ്യമുയര്‍ത്തി സി.പി.ഐ.എം അനുകൂല തൊഴിലാളി സംഘടനയായ കെ.എസ്.ആര്‍.ടി.ഇ.എ- സി.ഐ.ടി.യു അടക്കം രംഗത്തെത്തിയിരുന്നു.

കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിന്റെ തനിനിറം പുറത്തായ സംഭവമാണ് ആനാവൂര്‍ നാരായണന്‍ നായര്‍ കൊലക്കേസെന്നായിരുന്നു കെ.എസ്.ആര്‍.ടി.ഇ.എ- സി.ഐ.ടി.യു പറഞ്ഞിരുന്നത്.

2013 നവംബര്‍ അഞ്ചിന് രാത്രിയാണ് സി.പി.ഐ.എം പ്രവര്‍ത്തകനും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ജീവനക്കാരനുമായിരുന്ന നാരായണന്‍ നായരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.

എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയായിരുന്ന മകന്‍ ശിവപ്രസാദിനെ കൊലപ്പെടുത്താനെത്തിയ ആര്‍.എസ്.എസുകാരെ തടയുമ്പോഴാണ് നാരായണന്‍ നായരെ ആക്രമിച്ചത്. ശിവപ്രസാദിന്റെ സഹോദരന്‍ ഗോപകുമാറിനെയും പ്രതികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.

കഴിഞ്ഞ നവംബര്‍ 14നാണ് ആനാവൂര്‍ നാരായണന്‍ നായര്‍ കൊലപാതക കേസില്‍ ബി.എം.എസ്. സംസ്ഥാനനേതാവടക്കം 11 പ്രതികളെയും നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് വിധിച്ചത്. ഒന്ന് മുതല്‍ നാല് വരെയുള്ള പ്രതികള്‍ക്ക് പത്തുവര്‍ഷം അധിക തടവും കോടതി വിധിച്ചിരുന്നു.

രാജേഷിനെ കൂടാതെ അരശുവിള മേലേ പുത്തന്‍വീട്ടില്‍ പ്രസാദ്കുമാര്‍ (35), കാര്‍ത്തിക സദനത്തില്‍ ഗിരീഷ് കുമാര്‍ (41), എലിവാലന്‍കോണം ഭാഗ്യവിലാസം ബംഗ്ലാവില്‍ പ്രേംകുമാര്‍ (36), പേവറത്തലക്കുഴി ഗീതാഭവനില്‍ അരുണ്‍കുമാര്‍ എന്ന അന്തപ്പന്‍(36), ഇടപ്പറക്കോണം വടക്കേക്കര വീട്ടില്‍ ബൈജു(42), സഹോദരങ്ങളായ കാവല്ലൂര്‍ മണികണ്ഠവിലാസത്തില്‍ കുന്നു എന്ന അനില്‍(32), അജയന്‍ എന്ന ഉണ്ണി(33), പശുവണ്ണറ ശ്രീകലാഭവനില്‍ സജികുമാര്‍(43), ശാസ്താംകോണം വിളയില്‍ വീട്ടില്‍ ബിനുകുമാര്‍(43), പറയിക്കോണത്ത് വീട്ടില്‍ ഗിരീഷ് എന്ന അനിക്കുട്ടന്‍(48) എന്നിവരെയാണ് ജീവപര്യന്തം തടവിന് വിധിച്ചത്.


Content Highlight: KSRTC finally expels BMS leader who is guilty in the case of killing of CPIM worker

We use cookies to give you the best possible experience. Learn more