| Tuesday, 30th August 2022, 5:06 pm

ഡിപ്പോയില്‍ വെള്ളം കയറി; 'തിത്തിത്താരാ.. തിത്തിത്തെയ്...' വഞ്ചിപ്പാട്ടുമായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍, വീഡിയോ വൈറല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയുടെ എറണാകുളത്തെ ഡിപ്പോയില്‍ പതിവ് പോലെ വെള്ളം കയറി. ഓഫീസിന് അകത്തേക്ക് വരെ വെള്ളം ഇരച്ചു കയറിയെത്തിയത് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടായി.

ഇതിനിടെ ഓഫീസില്‍ വെള്ളം കയറി കുടുങ്ങിയ ജീവനക്കാര്‍ വഞ്ചിപ്പാട്ട് അനുകരിച്ച് നടത്തിയ വീഡിയോ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ വൈറലായി.

എറണാകുളം ഡിപ്പോ മാനേജര്‍ സുരേഷ് അടക്കമുള്ള ജീവനക്കാര്‍ ആണ് ഓഫീസിലെ മേശപ്പുറത്തിരുന്ന് വഞ്ചിപ്പാട്ട് അനുകരിച്ചത്.

ചെറിയൊരു മഴ പെയ്താല്‍ പോലും ഡിപ്പോയിലേക്ക് വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. ഇതിന്റെ പ്രതിഷേധസൂചകമായാണ് ജീവനക്കാര്‍ വഞ്ചിപ്പാട്ട് വീഡിയോ ചിത്രീകരിക്കുകയും പങ്കുവെക്കുകയും ചെയ്തിട്ടുള്ളത് എന്നാണ് വിവരം. ജീവനക്കാര്‍ തമാശ രൂപേണ ചെയ്തതാണെന്നുള്ള വിവരങ്ങളും ലഭിക്കുന്നുണ്ട്.

ഇന്ന് രാവിലെ ഏഴ് മണിയോടെ ആരംഭിച്ച അതിതീവ്രമഴയില്‍ കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളം കയറി. 2018ലെ പ്രളയത്തില്‍ വെള്ളം കയറാത്ത ചില പ്രദേശങ്ങളില്‍ പോലും ഇക്കുറി വെള്ളപ്പൊക്കമുണ്ടായി.

അതേസമയം, കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളത്തിലായതോടെ മധ്യകേരളത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. ജനശതാബ്ദിയും ശബരിയും അടക്കമുള്ള ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്.

കൊച്ചി ഡി ക്യാബിന് സമീപം ട്രാക്കില്‍ വെള്ളം കയറിയതോടെ എറണാകുളം നോര്‍ത്ത്, സൗത്ത് സ്റ്റേഷനുകള്‍ക്ക് സമീപം സിഗ്‌നലിങ് സംവിധാനം കേടായതാണ് തീവണ്ടി ഗതാഗതം വൈകാന്‍ കാരണമായത്.

Content Highlight: KSRTC Ernakulam depot employees with Vanchipatt Video

We use cookies to give you the best possible experience. Learn more