38 മാസത്തെ ശമ്പള കുടിശ്ശിക; കര്‍ണാടക സര്‍ക്കാരിനെതിരെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
national news
38 മാസത്തെ ശമ്പള കുടിശ്ശിക; കര്‍ണാടക സര്‍ക്കാരിനെതിരെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th December 2024, 10:30 pm

ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിനെതിരെ ഡിസംബര്‍ 31 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി (കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍.

ജീവനക്കാര്‍ക്കുള്ള കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കെന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സംയുക്ത കര്‍മസമിതി അറിയിച്ചു.

ഒരു ലക്ഷത്തിലധികം ജീവനക്കാര്‍ പണിമുടക്കിന്റെ ഭാഗമാകുമെന്നും കെ.എസ്.ആര്‍.ടി.സി സ്റ്റാഫ് ആന്റ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ പ്രതിനിധി മഹാദേവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ വനിതകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതിയുടെ 2,000 കോടി കുടിശ്ശിക, ഇന്ധന ബില്‍ പേയ്മെന്റ് ഇനത്തില്‍ 1,000 കോടി അനുവദിക്കുക, ജനുവരി മുതല്‍ 2024 വേതന പരിഷ്‌കരണം പ്രാബല്യത്തില്‍ വരുത്തുക, എല്ലാ ഗതാഗത കോര്‍പറേഷനുകള്‍ക്കും കാഷ്ലെസ് ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ജീവനക്കാര്‍ മുന്നോട്ടുവെച്ചു.

കഴിഞ്ഞ 38 മാസത്തെ ശമ്പള കുടിശ്ശിക അനുവദിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു. കണക്കുകള്‍ പ്രകാരം, 2020 ജനുവരി മുതല്‍ 2023 ഫെബ്രുവരി വരെയുള്ള 38 മാസത്തെ കുടിശ്ശികയായി 1785 കോടി രൂപയാണ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്.

കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍, ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കോര്‍പറേഷന്‍ (ബി.എം.ടി.സി), കല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (കെ.കെ.ആര്‍.ടി.സി), നോര്‍ത്ത് വെസ്റ്റേണ്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (എന്‍.ഡബ്ല്യു.ആര്‍.ടി.സി) എന്നീ കോര്‍പറേഷനുകള്‍ക്കാണ് സര്‍ക്കാര്‍ കുടിശ്ശിക അനുവദിക്കാനുള്ളത്. 8010 കോടി രൂപയാണ് കുടിശ്ശിക.

ഇതിനുപുറമെ പ്രൊവിഡന്റ് ഫണ്ടിനത്തില്‍ 2,900 കോടിയും വിരമിച്ച ജീവനക്കാരുടെ ഡി.എ അലവന്‍സ് ഇനത്തില്‍ 325 കോടി രൂപയും ലഭിക്കാനുണ്ട്.

പണിമുടക്ക് പ്രഖ്യാപനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ഗതാഗത മന്ത്രി ദിനേശ് ഗുണ്ടു റാവു ജീവനക്കാരുടെ ആശങ്കകള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചര്‍ച്ച ചെയ്യുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ഇതുവരെ മന്ത്രിയും മുഖ്യമന്ത്രിയും തമ്മില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ ഒന്നും തന്നെ നടന്നിട്ടില്ലെന്നാണ് വിവരം.

Content Highlight: KSRTC employees to go on indefinite strike against Karnataka government