ആലപ്പുഴ ജില്ലയിലെ ആറ് ഡിപ്പോകളിലെ സര്‍വീസുകളെയാണ് ജീവനക്കാരുടെ പ്രതിഷേധം കാര്യമായി ബാധിച്ചിരിക്കുന്നത്. സമരം ബസ് യാത്രക്കാര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ മിക്ക കെ.എസ്.ആര്‍.ടി.സി സ്റ്റാന്റുകളിലും ആളുകളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
പമ്പയിലേക്കുള്ള സര്‍വീസുകള്‍ മാത്രമാണ് ആലപ്പുഴ ജില്ലയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി നടത്തുന്നത്. ശമ്പളം നല്‍കാതെ സര്‍വീസുകള്‍ നടത്തില്ല എന്നാണ് ജീവനക്കാര്‍ പറയുന്നത്. കോഴിക്കോട് പാവങ്ങാടില്‍ നിന്നും രാവിലെ എട്ട് മണിക്കുള്ളില്‍ 36 സര്‍വീസുകളാണ് പുറപ്പെടേണ്ടത്, എന്നാല്‍ പത്തില്‍ താഴെ സര്‍വീസുകള്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സി ഇന്ന് നടത്തിയിട്ടുള്ളത്.
താമരശ്ശേരി ഡിപ്പോയിലെ ജീവനക്കാരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ഒരു സംഘടനയുടെയും ആഹ്വാനമില്ലാതെയാണ് ജീവനക്കാര്‍ സമരം നടത്തുന്നത്. ആറാം തീയതിയായിട്ടും കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കാത്തതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. അഞ്ചിന് ശമ്പളം നല്‍കും എന്നായിരുന്നു കെ.എസ്.ആര്‍.ടി.സി നേരത്തെ ജീവനക്കാരെ അറിയിച്ചിരുന്നത്.
ജീവനക്കാരുടെ സമരത്തില്‍ യാതൊരു നടപടിയും ഇതുവരെ കെ.എസ്.ആര്‍.ടി.സിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. വാഹനങ്ങളുടെ തകരാറുകള്‍ പരിഹരിക്കാന്‍ 1300 സര്‍വീസുകള്‍ വെട്ടിക്കുറച്ചതിലൂടെ 23 കോടി രൂപയുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്ക് കഴിഞ്ഞമാസം ഉണ്ടായത്.
സര്‍വീസുകളെ ബാധിക്കാത്ത തരത്തില്‍ നിരാഹാര സമരം നടത്താനാണ് ജീവനക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഡിപ്പോയിലെത്തിയ ജീവനക്കാര്‍ സര്‍വീസുകള്‍ നടത്താന്‍ തയ്യാറല്ലെന്ന് അറിയിക്കുകയായിരുന്നു.