കോഴിക്കോട്: വിഷു ആശംസകള്‍ നേര്‍ന്ന ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച് വീഡിയോക്ക് താഴെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പ്രതിഷേധം. ജീവനക്കാരും കുടുംബവും ശമ്പളം കിട്ടാത്തതിനാല്‍ അര്‍ധപട്ടിണിയില്‍ കഴിയുമ്പോള്‍ മന്ത്രി വിഷു ആഘോഷിക്കൂവെന്ന് തരത്തിലുള്ള കമന്റുകളാണ് പോസ്റ്റിന് താഴെയെത്തുന്നത്.
‘കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് വിഷുവില്ല ദുഖവെള്ളി ആണെന്ന് അങ്ങേക്ക് അറിയില്ല എന്നുണ്ടോ. അറിയാതിരിക്കാന്‍ കാര്യമില്ലല്ലോ കാരണക്കാരും നിങ്ങളൊക്കെ തന്നെ അല്ലേ. നാളെ സര്‍ ആഹാരം കഴിക്കുമ്പോള്‍ ഞങ്ങളുടെ മാതാപിതാക്കളും കുട്ടികളും അടങ്ങുന്ന കുടുംബം പട്ടിണിയില്‍ ആയിരിക്കും എന്നോര്‍ക്കുക. സാറിന് ഞങ്ങള്‍ ജീവനക്കാരുടെ വകയായി ദുഖവെള്ളി ആശംസിക്കുന്നു. വിഷുവില്ലാത്തത് കൊണ്ടാണ് തെറ്റിധരിക്കരുത്.
സ്വന്തം വകുപ്പിന് കീഴിലുള്ള 27,000 ജീവനക്കാരും അവരുടെ കുടുംബവും താങ്കളുടെയും താങ്കളുടെ കീഴിലുള്ള മേനേജ്‌മെന്റിന്റെയും നിരുത്തരവാദപരമയ നിലപാട് കൊണ്ട് വിഷുവും, ഈസ്റ്ററും ആഘോഷിക്കാന്‍ കഴിയാതെ അര്‍ധപട്ടിണിയിലാണ് എന്നിട്ടും താങ്കള്‍ക്ക് വിഷു ആശംസിക്കുവാന്‍ കഴിയുന്നുവെങ്കില്‍ ഒരു നല്ല നമസ്‌ക്കാരം.
കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ക്ക് ശമ്പളം കിട്ടാത്തതിനാല്‍ അവര്‍ക്ക് ശമ്പളം കിട്ടുന്നത് വരെ അവരുടെ മന്ത്രിയെന്ന നിലയില്‍ ഞാന്‍ ഈ മാസത്തെ ശമ്പളവും ആനുകൂല്യങ്ങളും വാങ്ങിക്കില്ലെന്ന് പറയുന്ന ഒരു മന്ത്രിയെയാണ് നമുക്കാവശ്യം. സ്വന്തം തൊഴിലാളികള്‍ നല്ലൊരു ദിവസമായിട്ട് വിഷു കൈനീട്ടം നല്‍കാന്‍ പോലും ഇല്ലാതെ വിഷമിക്കുമ്പോള്‍ മന്ത്രി തമ്പ്രാന്‍ കൊട്ടാരത്തിലിരുന്ന് വിഷു ആശംസിക്കുന്നു,’ എന്നൊക്കെയുള്ള കമന്റുകളും മന്ത്രിയുടെ വിഷു ആശംസക്ക് കീഴില്‍ വരുന്നുണ്ട്.
ഏപ്രില്‍ മാസം പകുതിയായിട്ടും മാര്‍ച്ച് മാസത്തിലെ ശമ്പളം ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല. ശമ്പളം നല്‍കാന്‍ ധനവകുപ്പ് 30 കോടി അനുവദിച്ചിരുന്നെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതും, ബാങ്ക് അവധിയായതും കാരണം ശമ്പള വിതരണം നടത്താന്‍ സാധിച്ചിരുന്നില്ല.
ഇതില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യുവിന്റെ റിലേ നിരാഹാര സത്യഗ്രഹ സമരം ചീഫ് ഓഫീസിനുമുന്നില്‍ തുടരുകയാണ്. ശനിയാഴ്ച മുതല്‍ എ.ഐ.ടി.യു.സി ഡ്യൂട്ടി ബഹിഷ്‌കരണത്തിലേക്ക് കടക്കാനാണ് തീരുമാനം.
ശമ്പളം കൊടുക്കാത്തത്തില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് ടി.ഡി.എഫും, ബി.എം.എസും വ്യക്തമാക്കിയിട്ടുണ്ട്. ശമ്പളം വിതരണം ചെയ്യാന്‍ 75 കോടി ലഭ്യമാക്കണമെന്ന് കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 30 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 97.5 കോടി രൂപയാണ് ശമ്പളത്തിനായി വേണ്ടത്.
Content Highlights: KSRTC employees protest following Transport Minister’s Vishu greeting video