തന്റെ ജോലി പോകാൻ സാധ്യതയുണ്ട്; മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍
Kerala News
തന്റെ ജോലി പോകാൻ സാധ്യതയുണ്ട്; മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th April 2024, 3:43 pm

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി നടുറോട്ടില്‍ തര്‍ക്കമുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍. തന്നെ ജോലിയില്‍ നിന്ന് പറഞ്ഞ് വിടാന്‍ സാധ്യതയുണ്ടെന്ന് ഡ്രൈവര്‍ യദു എല്‍.എച്ച് പറഞ്ഞു.

മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് മാധ്യമങ്ങളോട് ഡ്രൈവറുടെ പ്രതികരണം. ഓവര്‍ടേക്ക് ചെയ്യാന്‍ സ്ഥലം ഇല്ലാഞ്ഞിട്ടും പിന്നിലുണ്ടായിരുന്ന മേയറുടെ വാഹനം നിര്‍ത്താതെ ഹോണടിച്ചെന്ന് ഡ്രൈവര്‍ പറഞ്ഞു. സൈഡാക്കിക്കൊടുത്തപ്പോള്‍ കാര്‍ ബസിന് കുറുകെ നിര്‍ത്തി രണ്ടാളുകള്‍ ഇറങ്ങി വന്ന് തന്നെ ചീത്ത വിളിച്ചെന്നും ഡ്രൈവര്‍ പറഞ്ഞു.

നിന്റെ തന്തയുടെ വകയാണോ റോഡെന്ന് അവര്‍ ചോദിച്ചെന്നും ഇതിന് പിന്നാലെ വാക്ക് തര്‍ക്കം ഉണ്ടായെന്നും ഡ്രൈവര്‍ പറഞ്ഞു. ആര്യ രാജേന്ദ്രന്റെ ഭര്‍ത്താവ് സച്ചിന്‍ ദേവും ഇറങ്ങി വന്ന് തര്‍ക്കിച്ചെന്നും ഡ്രൈവര്‍ കൂട്ടിച്ചേര്‍ത്തു.

‘തനിക്ക് ഞാനാരാണെന്ന് അറിയാമോ എന്നും എം.എൽ.എയാണെന്നും പറഞ്ഞ് അയാള്‍ തട്ടിക്കയറി. പിന്നാലെ ആര്യ രാജേന്ദ്രന്‍ ഇറങ്ങി വന്ന് ഞാന്‍ അവര്‍ക്കെതിരെ തെറ്റായ ആംഗ്യം കാണിച്ചെന്നും സ്ത്രീകളെ അപമാനിച്ചെന്നും പറഞ്ഞു. നിങ്ങള്‍ ആരാണെങ്കിലും വണ്ടി ഓടിക്കുമ്പോള്‍ ഒരു മാന്യത വേണ്ടേയെന്ന് ഞാന്‍ ചോദിച്ചു. ബസിന്റെ ഡോര്‍ തുറന്ന് എന്നെ വണ്ടിയില്‍ നിന്ന് പിടിച്ചിറക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും പൊലീസ് വരാതെ ഇറങ്ങില്ലെന്ന് ഞാന്‍ പറഞ്ഞു. ഈ തര്‍ക്കത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്,’ ഡ്രൈവര്‍ പറഞ്ഞു.

താന്‍ അവരെ ചീത്ത വിളിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നും ഡ്രൈവര്‍ കൂട്ടിച്ചേര്‍ത്തു. വണ്ടി നടുറോട്ടില്‍ ഇട്ടാണ് പൊലീസ് തന്നെ കൊണ്ടു പോയതെന്നും ഡ്രൈവര്‍ പറഞ്ഞു. മേയര്‍ ആണോ എം.എല്‍.എ ആണോ എന്നൊന്നും തനിക്ക് അറിയില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച രാത്രി തിരുവനന്തപുരം പാളയത്ത് വെച്ചാണ് സംഭവം നടന്നത്. ഡ്രൈവര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് മേയറുടെ പരാതിയില്‍ പറയുന്നത്.

Content Highlight: KSRTC driver responding to Mayor Arya Rajendran’s complaint