സഹായിക്കാന്‍ നേതാക്കളാരും വന്നില്ല; വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ചതിന് സസ്‌പെന്‍ഷനിലായ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ ഐ.എന്‍.ടി.യു.സി യൂണിറ്റ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതായി റിപ്പോര്‍ട്ട്
കോട്ടയം: വെള്ളക്കെട്ടിലൂടെ അപകടകരമാം വിധം കെ.എസ്.ആര്‍.ടി.സി ബസ് ഓടിച്ചതിന് സസ്‌പെന്‍ഷനിലായ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ ഈരാറ്റുപേട്ട ഐ.എന്‍.ടി.യു.സി യൂണിറ്റ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടര്‍ ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബസ് വെള്ളത്തില്‍ മുങ്ങിയ വിഷയവും തുടര്‍ന്ന് വിവാദങ്ങളും ഉണ്ടായപ്പോള്‍ ഐ.എന്‍.ടി.യു.സിക്കാര്‍ സഹായിച്ചില്ലെന്നാണ് ജയദീപ് പറയുന്നത്.
‘വെള്ളം വന്ന് വണ്ടിയില്‍ കയറിയ വിഷയമുണ്ടായപ്പോള്‍ എന്നെ സഹായിക്കാന്‍ ഒരു ഐ.എന്‍.ടി.യു.സി നേതാക്കളും വന്നില്ല. നല്ല കാര്യം. അതുപോലെ ബഹുമാനപ്പെട്ട ശശീന്ദ്രന്‍ എന്നെ വിളിച്ച് പറഞ്ഞതാണ് മാധ്യമങ്ങള്‍ വരുമ്പോള്‍ ഐ.എന്‍.ടി.യു.സിക്കാരന്‍ എന്ന് പറയാതിരിക്കണം എന്ന്. ഇത്ര ഉള്ളു യൂണിയനും യൂണിയന്‍ നേതാക്കന്മാരും,’ ജയദീപ് പറയുന്നു.
യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന വിധത്തില്‍ ബസ് ഓടിച്ചതിന്റെ പേരിലാണ് ജയദീപിനെ സസ്പെന്റ് ചെയ്തത്. ഇതിന് പിന്നാലെ ഇയാളുടെ ലൈസന്‍സും സസ്‌പെന്റ് ചെയ്തിരുന്നു.
‘എന്നെ സസ്പെന്റ് ചെയ്ത കെ.എസ്.ആര്‍.ടി.സിയിലെ കൊണാണ്ടന്‍മാര്‍ അറിയാന്‍ ഒരു കാര്യം. എപ്പോഴും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്പെന്റ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാന്‍ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക,’ എന്നായിരുന്നു സസ്‌പെന്‍ഷനില്‍ ഇയാളുടെ പ്രതികരണം.