തിരുവനന്തപുരം: പകരം പുതിയ ബസുകള്‍ നിരത്തിലിറക്കാന്‍ കഴിയാത്തത് കെ.എസ്.ആര്‍.ടി.സിയെ പ്രതിസന്ധിയിലാഴ്ത്തുന്നെന്ന് റിപ്പോര്‍ട്ട്. പ്രതിമാസം ഇരുന്നൂറോളം കാലാവധി കഴിഞ്ഞ ബസുകള്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരുന്ന സ്ഥിതിയാണ് നിലവില്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 101 പുതിയ ബസുകള്‍ മാത്രമാണ് കെഎസ്ആര്‍ടിസി പുറത്തിറക്കിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
5500 ബസുകളാണ് കെ.എസ്.ആര്‍.സിയുടെ പക്കല്‍ ഉള്ളത്. സൂപ്പര്‍ ഡിലക്‌സ്, ഡിലക്‌സ് സര്‍വ്വീസുകളായാണ് പുതിയ ബസുകള്‍ ആദ്യം ഓടിക്കുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം ഇത് ഫാസ്റ്റായും പിന്നീട് ഓര്‍ഡിനറിയായും മാറ്റും. ഇത്തരത്തില്‍ 15 വര്‍ഷമാണ് ഒരു ബസിന്റെ കാലാവധി.
പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം എറണാകുളം റൂട്ടിലിറക്കിയ പത്ത് ഇലക്ട്രിക് ബസുകള്‍ നഷ്ടത്തിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിയ 1500 ഇലക്ട്രിക് ബസുകള്‍ വാടകക്ക് എടുക്കാനായി കെ.എസ്.ആര്‍.ടി.സി വിളിച്ച ടെന്‍ഡര്‍ റദ്ദാക്കി.
കേന്ദ്ര മാനദണണ്ഡ പ്രകാരം വീണ്ടും ടെന്‍ഡര്‍ വിളിക്കുമെന്നാണ് ഔദ്യോഗിക വിശദീകരണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പുതിയ ബസുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നയരൂപീകരണം നടത്തേണ്ടത് സര്‍ക്കാരാണെന്നും അതിനായി കാത്തരിക്കുകയാണെന്നും കെ.എസ്.ആര്‍.ടി.സി എംഡി അറിയിച്ചിട്ടുണ്ട്.