| Friday, 15th November 2019, 3:18 pm

കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാര്‍ പകുതി ശമ്പളത്തില്‍ വലയുന്നു; തിരുവനന്തപുരത്തെ കണ്ടക്ടറുടെ ആത്മഹത്യാശ്രമം സാമ്പത്തിക പ്രതിസന്ധി മൂലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളക്കാര്യത്തില്‍ ഇതുവരെയും തീരുമാനമായില്ല. പകുതി ശമ്പളത്തില്‍ ആണ് അവര്‍ ഇപ്പോഴും ജോലി ചെയ്യുന്നത്.

ഏറ്റവും ഒടുവില്‍ തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടര്‍ ആത്മഹത്യക്ക് ശ്രമിച്ചതുവരെ എത്തിനില്‍ക്കുകയാണ് കാര്യങ്ങള്‍.

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പകുതി ശമ്പളം മാത്രമേ ലഭിക്കുന്നുള്ളൂ എന്ന കാരണത്താല്‍ തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടര്‍ വിനോദ് കുമാര്‍ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സുഹൃത്തുക്കളുടെ വാട്‌സാപ് ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ട ശേഷമാണ് ആത്മഹത്യാ ശ്രമമുണ്ടായത്. കണ്ടക്ടറെ ഡിപ്പോയിലെ ബസില്‍ വെച്ച് രണ്ട് പാക്കറ്റ് എലിവിഷം കഴിച്ച നിലയില്‍ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു.

ആത്മഹത്യാശ്രമത്തിന് ശേഷം സഹപ്രവര്‍ത്തകര്‍ കണ്ടെത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവമുണ്ടായത്. ആത്മഹത്യ ചെയ്യാന്‍ പോവുന്നതായി നാട്ടിലെ സുഹൃത്തുക്കളുടെ വാട്ട്‌സാപ് ഗ്രൂപ്പില്‍ വിനോദ് പോസ്റ്റ് ഇട്ടിരുന്നു. തുടര്‍ന്ന് ഗ്രൂപ്പില്‍ നിന്നും പുറത്തുപോവുകയും ചെയ്തു.

സുഹൃത്തുക്കള്‍ ഇയാളെ അന്വേഷിച്ച് പാപ്പനംകോട് ഡിപ്പോയിലേക്ക് ഫോണ്‍ വിളിച്ചതോടെയാണ് സഹപ്രവര്‍ത്തകര്‍ വിവരം അറിഞ്ഞത്. രാവിലെ ഡ്യൂട്ടിക്കെത്തിയ വിനോദ് ഉച്ചക്ക്് വരാമെന്നും പറഞ്ഞ് പോവുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

കാണാനില്ലാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഡിപ്പോ പരിസരത്ത് തന്നെ ഇയാളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷം കഴിച്ചതായി തിരിച്ചറിഞ്ഞപ്പോള്‍ ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ജനറല്‍ ആശുപത്രിയില്‍ നിന്നും പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

രാവിലെ വിനോദ് ജോലിയ്ക്ക് വരുമ്പോള്‍ തന്നെ വിഷമത്തിലായിരുന്നുവെന്ന് മനോജ് എന്ന് പേരുള്ള മറ്റൊരു കണ്ടക്ടര്‍ പറഞ്ഞിരുന്നു. 48 കാരനായ വിനോദിന് അഞ്ചും എട്ടും പ്രായമുള്ള രണ്ട് കുട്ടികളുണ്ട്.

ശമ്പളം പകുതിയായി ലഭിക്കുന്നതില്‍ പ്രയാസം നേരിടുന്നുണ്ടെന്നും തിരുവനന്തപുരത്തെ കണ്ടക്ടറുടെ ആത്മഹത്യാ ശ്രമം അതുമൂലമാണെന്നും കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ സുദേവന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി, ഗതാഗതമന്ത്രി, കെ.എസ്.ആര്‍.ടി.സി എം.ഡി എന്നിവര്‍ ചേര്‍ന്ന് ബുധനാഴ്ച ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചര്‍ച്ച പിന്നീട് മാറ്റി വയ്ക്കുകയും ചെയ്തു.

കഴിഞ്ഞ മാസം 11നു ശേഷം വിവിധ ഘട്ടങ്ങളിലായാണ് കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം നല്‍കുന്നത്.

സര്‍ക്കാരില്‍ നിന്നു ലഭിച്ച പ്രതിമാസ സഹായമായ 15 കോടി രൂപ ഉള്‍പ്പെടെ ചേര്‍ത്താണ് ഒക്ടോബര്‍ മാസത്തെ ശമ്പളം ഈ മാസം 8നു വിതരണം ചെയ്തത്. ബാക്കി ശമ്പളം നല്‍കാന്‍ ഇനിയും 40 കോടിയോളം രൂപ വേണമെന്നാണ് കണക്ക്.

പ്രതിമാസം 20 കോടി രൂപ സര്‍ക്കാര്‍ സഹായം നല്‍കിയിരുന്നത് കഴിഞ്ഞ രണ്ട് മാസമായി 15 കോടി രൂപയായി കുറച്ചിരുന്നു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, എസ്.ബി.ഐ കണ്‍സോര്‍ഷ്യം, ഓഡിറ്റ് സ്ഥാപനം എന്നിവയ്ക്കുള്ള മുന്‍കാല ബാധ്യതകള്‍ തീര്‍ക്കാന്‍ ഓരോ മാസവും 5 കോടി രൂപ കുറക്കുന്നുവെന്നാണ് സര്‍ക്കാര്‍ നിലപാട്.

ശമ്പളം ലഭിക്കാത്തതിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി നവംബര്‍ നാലിന് ഐ.എന്‍.ടി.യു.സി അനുകൂല ടി.ഡി.എഫ് നടത്തിയ പണിമുടക്കില്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ സംസ്ഥാന വ്യാപകമായി പണിമുടക്കിയിരുന്നു.

ശമ്പള പരിഷ്‌കരണം നടപ്പാക്കിയില്ല , ഡി.എ കുടിശ്ശിക കിട്ടിയില്ല, ആയിരം ബസ്സുകള്‍ പുതുതായി നിരത്തിലിറക്കുമെന്ന് പറഞ്ഞ് 101 ബസുകള്‍ മാത്രമാണ് ഇതുവരെ നിരത്തിലിറക്കിയത് എന്നിവയാണ് സമരത്തില്‍ പ്രധാനമായും ആരോപിച്ചിരുന്നത്.

ഒപ്പം വാടക വണ്ടിയെടുക്കാനുള്ള നീക്കം സ്വകാര്യവത്കരണത്തിനു വേണ്ടിയാണെന്നും സമരാനുകൂലികള്‍ ആരോപിച്ചിരുന്നു.

കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനും മുടങ്ങുന്നതും ബസ് ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കുന്നതും ചര്‍ച്ച ചെയ്യാത്തതില്‍ നിയമസഭയില്‍ തര്‍ക്കം രൂക്ഷമായിരുന്നു.

എല്ലാ ഒഴിവുകളും ഇനി നികത്താനാവില്ലല്ലെന്നും ദിവസേന 10,000 രൂപയെങ്കിലും വരുമാനമുണ്ടാക്കാത്ത റൂട്ടുകള്‍ ഒഴിവാക്കിയത് യാത്രക്കാരില്ലാത്തതിനാലാണെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാര്‍ നല്‍കിയ പണത്തില്‍ നിന്ന് ഒരു വിഹിതം ജീവനക്കാരുടെ മറ്റു ചില ആവശ്യങ്ങള്‍ക്കായി ചെലവഴിക്കേണ്ടി വന്നതാണ് ഇപ്പോള്‍ പ്രതിസന്ധിയുണ്ടാക്കിയതെന്നും നേരത്തേ മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more