Kerala News
കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സമുച്ചയത്തിന് ബലക്ഷയം; ബസ് സ്റ്റാന്‍ഡ് മാറ്റിയേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 08, 06:42 am
Friday, 8th October 2021, 12:12 pm

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠനം. നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തില്‍ കണ്ടെത്തി.

കെട്ടിടം അടിയന്തിരമായി ബലപ്പെടുത്തണമെന്നും പഠനത്തില്‍ ശുപാര്‍ശയുണ്ട്. ബസ് സ്റ്റാന്‍ഡ് താല്‍ക്കാലികമായി മാറ്റാനാണ് സാധ്യത.

സമുച്ചയം പൂര്‍ത്തിയായതിനു പിന്നാലെ നിര്‍മാണം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയര്‍ന്നു വന്നത്.

തുടര്‍ന്ന് ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. ബലക്ഷയം പരിഹരിക്കാന്‍ ഏകദേശം 30 കോടിയോളം രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

കെട്ടിടത്തിന് വലിയ രീതിയിലുള്ള ബലക്ഷയമുണ്ടെന്നും വേണ്ടത്ര നിര്‍മാണ സാമഗ്രികള്‍ ചേര്‍ക്കാതെയാണ് സമുച്ചയം പണിഞ്ഞിരിക്കുന്നതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

കെട്ടിടം അപകടാവസ്ഥയില്‍ ആയതിനാല്‍ ബസ് സ്റ്റാന്‍ഡ് താല്‍ക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2015ലാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സമുച്ചയം നിര്‍മിച്ചത്. ബി.ഒ.ടി അടിസ്ഥാനത്തില്‍ കെ.ടി.ഡി. എഫ്.സിയാണ് 76 കോടി രൂപയോളം ചെലവില്‍ സമുച്ചയം പണിതത്.

ബൃഹത്തായ കെട്ടിടത്തില്‍ പല മുറികളും വാടകയ്ക്ക് കൊടുക്കാനും പദ്ധതിയുണ്ടായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: KSRTC Calicut building Bus Stand