ആലപ്പുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചു; അഞ്ച് മരണം
Kerala News
ആലപ്പുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചു; അഞ്ച് മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd December 2024, 10:16 pm

ആലപ്പുഴ: ആലപ്പുഴ കളര്‍കോടില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഏഴ് യുവാക്കളാണ് കാറിലുണ്ടായിരുന്നത്.

കായകുളം രജിസ്‌ട്രേഷനിലുള്ള വാഹനമാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വൈറ്റിലയിൽ നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന ബസുമായാണ് കാര്‍ കൂട്ടിയിടിച്ചത്.

ബസും കാറും അമിത വേഗതയില്‍ ആയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം കാര്‍ ബസില്‍ വന്നിടിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികളും കെ.എസ്.ആർ.ടി.സി ഡ്രൈവറും പ്രതികരിച്ചു.

കാറിലുണ്ടായിരുന്നത് വണ്ടാനം ഒന്നാം വർഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ആണെന്ന സൂചനയുമുണ്ട്. കോഴിക്കോട്, കണ്ണൂർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം.

കാലാവസ്ഥ, കാഴ്ചാപരിമിതി തുടങ്ങിയവ അപകടത്തിന് കാരണമായേക്കാമെന്നും കാറിന് 14 വര്‍ഷത്തെ പഴക്കമുണ്ടെന്നും എം.വി.ഡി മാധ്യമങ്ങളോട് പ്രതികരിച്ചു. അപകടമുണ്ടായ സ്ഥലം അമിത വേഗതയ്ക്ക് സാധ്യതയുള്ളതല്ലെന്നും എം.വി.ഡി പറഞ്ഞു. കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ വിവരങ്ങള്‍ നല്‍കാന്‍ കഴിയുകയുള്ളുവെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

ബസിലുണ്ടായിരുന്ന ഏതാനും ചിലര്‍ക്ക് സാരമായ പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്. ഇവരെയും ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.

Content Highlight: KSRTC bus collides with car in Alappuzha; Three deaths