|

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ്‌ രണ്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു. നിയന്ത്രണം വിട്ട ബസ് തിരുവമ്പാടി കാളിയാമ്പുഴയിലേക്ക് മറിയുകയായിരുന്നു. യാത്രക്കാരെ പുറത്തെത്തിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.

അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ചവര്‍ രണ്ട് പേരും സ്ത്രീകളാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

15 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 50 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഭൂരിഭാഗം ആളുകളെയും രക്ഷിച്ചിട്ടുണ്ട്. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പുഴയില്‍ ബസിന് താഴെ വെള്ളത്തില്‍ ആളുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും ബസിനടിയില്‍ നിന്ന് ആളുകളെ രക്ഷിക്കുന്നുണ്ടെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്താന്‍ ശ്രമിക്കുന്നണ്ട്. പാലത്തിന്റെ കൈവരി തകര്‍ന്നാണ് അപകടം.

നാല് പേരെ വെള്ളത്തിനടിയില്‍ നിന്നാണ് രക്ഷപ്പെടുത്തിയതെന്ന് ജില്ല പഞ്ചായത്ത് അംഗം ബോസ് ജേക്കബ് മനോരമ ന്യൂസിനോട് പറഞ്ഞു. നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.

ശാന്തി ഹോസപിറ്റല്‍, ലിസ്സ ഹോസ്പിറ്റല്‍, കെ.എം.സി.ടി. ആശുപത്രി എന്നിവിടങ്ങളിലേക്കാണ് പരിക്കേറ്റവരെ കൊണ്ടുപോയിട്ടുള്ളത്. തിരുവമ്പാടിയില്‍ നിന്ന് മുത്തപ്പന്‍ പുഴയിലേക്കുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തെ സംബന്ധിച്ച് അന്വേഷണം നടത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി കെ.എസ്.ആര്‍.ടി.സി. സി.എം.ഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ചവര്‍ രണ്ട് പേരും സ്ത്രീകളാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാധമിക വിവരം.

content highlights: ksrtc bus accident kozhikkode