Advertisement
Kerala News
കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇനി ഇരുചക്രവാഹനങ്ങളും കൊണ്ടുപോകാം: ഗതാഗത മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Sep 27, 11:30 am
Monday, 27th September 2021, 5:00 pm

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ലോ ഫ്‌ളോര്‍ ബസുകളിലും ബെംഗളൂരുവിലേക്കുള്ള വോള്‍വോ, സ്‌കാനിയ ബസുകളിലും ഇ-ബൈക്ക്, ഇ-സ്‌കൂട്ടര്‍, സൈക്കിള്‍ തുടങ്ങിയ ഇരുചക്ര വാഹനങ്ങള്‍ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാന്‍ സൗകര്യമൊരുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.

നിശ്ചിത തുക ഈടാക്കിയാണ് ഇത് അനുവദിക്കുക. ദീര്‍ഘദൂരയാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി.

നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ബസില്‍ നിന്ന് ഇറങ്ങി കൂടെ കൊണ്ടുവരുന്ന ഇരുചക്ര വാഹനത്തില്‍ തുടര്‍ യാത്ര സാധിക്കും. നവംബര്‍ ഒന്നു മുതല്‍ ഇതിനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.

അന്തരീക്ഷമലിനീകരണമില്ലാത്ത ആരോഗ്യപ്രദമായ യാത്രക്ക് പ്രേരിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ലോകമെങ്ങും സൈക്കിള്‍ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന ഈ കാലഘട്ടത്തില്‍ കേരളവും അതിനൊപ്പമുണ്ട് എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.

അതേസമയം അടുത്ത മാസം ഒന്നുമുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡിന് മുന്‍പുള്ള നിരക്കിലേക്കാണ് മാറ്റമുണ്ടാവുക. ബസ് ചാര്‍ജ് കൂട്ടണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ ശുപാര്‍ശയുണ്ട്. അത് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: KSRTC allow two wheelers in travel