| Monday, 6th January 2025, 8:11 am

ഇടുക്കിയിലെ കെ.എസ്.ആര്‍.ടി.സി അപകടം; നാല് മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുല്ലുപാറ: ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഉല്ലാസ യാത്ര ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് മരണം. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് അപകടത്തില്‍ മരിച്ചത്.

ഹരി, ബിന്ദു, രമ മോഹനന്‍, സംഗീത് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ അടിയന്തര അന്വേഷണത്തിന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കി. എന്‍ഫോഴ്സ്മെന്റ് ജോയിന്റ് ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്മീഷണര്‍ക്കാണ് നിര്‍ദേശം ലഭിച്ചത്.

34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ യാത്രക്കാരില്‍ ഉണ്ടായ പരിക്കുകള്‍ ഗുരുതരമല്ലെന്നായിരുന്നു വിവരം.

എന്നാല്‍ ഇപ്പോള്‍ നാല് പേർ മരണപ്പെട്ടുവെന്ന വിവരമാണ് പുറത്തുവരുന്നത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒരാളുടെ നില ഗുരുതരമെന്നും വിവരമുണ്ട്.

പരിക്കേറ്റവരില്‍ 29 പേരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവരില്‍ നാല് പേരാണ് മരിച്ചത്. മാവേലിക്കര സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം.

മരണപ്പെട്ടവരുടെ ആരോഗ്യനില ഗുരുതരമായിരുന്നുവെന്നും എന്നാല്‍ മരണം സ്ഥിരീകരിച്ചത് ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ പറഞ്ഞു.

മാവേലിക്കരയില്‍ നിന്ന് വിനോദയാത്ര പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. തഞ്ചാവൂര്‍ പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം നടന്നത്.

കുട്ടിക്കാനത്ത് നിന്ന് മുണ്ടക്കയത്തിലേക്ക് പോകും വഴിയുള്ള ഒരു വളവിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെ ആറരയോടെയാണ് അപകടം നടന്നത്.

ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടത് അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

താഴ്ചയിലേക്ക് മറിഞ്ഞ കെ.എസ്.ആര്‍.ടി.സി ബസ് മരങ്ങളില്‍ തട്ടിനിന്നതുകൊണ്ട് വലിയ അപകടം ഒഴിവായെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നേരത്തെ പ്രതികരിച്ചത്.

Content Highlight: KSRTC accident in Idukki; Three deaths

We use cookies to give you the best possible experience. Learn more