തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. (കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍) എന്ന ചുരുക്കെഴുത്തും, ലോഗോയും ആനവണ്ടി എന്ന പേരും ഇനിമുതല്‍ കേരളത്തിന് സ്വന്തം.
ഏഴു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ കര്‍ണാടകയുടെ അവകാശവാദം തള്ളി, കേന്ദ്ര ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷനാണ് അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. ട്രേഡ് മാര്‍ക്ക്‌സ് ആക്ട് 1999 പ്രകാരമാണ് കെ.എസ്.ആര്‍.ടി.സി. എന്ന ചുരുക്കെഴുത്തും, ലോഗോയും, ആനവണ്ടി എന്ന പേരും കേരളത്തിന് അനുവദിച്ചത്.
കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷനും കെ.എസ്.ആര്‍.ടി.സി. എന്ന ചുരുക്കെഴുത്ത് സ്വീകരിച്ചതോടെയാണു തര്‍ക്കം തുടങ്ങിയത്. ടിക്കറ്റ് ബുക്ക് ചെയ്യാനായി ഇന്റര്‍നെറ്റില്‍ കയറി കെ.എസ്.ആര്‍.ടി.സിയെന്ന് സെര്‍ച്ച് ചെയ്താല്‍ പലപ്പോഴും വരുന്നത് കര്‍ണാടക ബസിന്റെ വിവരങ്ങളായിരുന്നു.
2014 ല്‍ കെ.എസ്.ആര്‍.ടി.സി. തങ്ങള്‍ക്ക് അനുവദിച്ച് തരണമെന്നാവശ്യപ്പെട്ട് കേന്ദ്ര ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷനെ കര്‍ണാടക സമീപിച്ചു. മറുവാദങ്ങളുമായി കേരളവും രംഗത്തെത്തിയതോടെ നിയമ പോരാട്ടമായി.
1937 ല്‍ തിരുവിതാംകൂര്‍ രാജകുടുംബമാണ് പൊതുഗതാഗതം തുടങ്ങിയത്. സംസ്ഥാന രൂപീകരണത്തിനുശേഷം 1965 ല്‍ കെ.എസ്.ആര്‍.ടി.സിയായി. കര്‍ണാടകയാകട്ടെ 1973 ലാണ് കെ.എസ്.ആര്‍.ടി.സിയെന്ന ചുരുക്കെഴുത്ത് ഉപയോഗിച്ച് തുടങ്ങിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: KSRTC Aanavandi Kerala Karnataka