മിന്നല്‍ പണിമുടക്ക്: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും; സ്വകാര്യ ബസിനും 'പണി'
Kerala News
മിന്നല്‍ പണിമുടക്ക്: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും; സ്വകാര്യ ബസിനും 'പണി'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th March 2020, 8:08 pm

തിരുവനന്തപുരം: തലസ്ഥാനത്ത് നടത്തിയ മിന്നല്‍ പണിമുടക്കില്‍ 18 കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നീക്കം. ഇവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു.

പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ട സ്വകാര്യ ബസിന്റെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഈ സ്വകാര്യ ബസ് പലതവണ റൂട്ട് തെറ്റിക്കുകയും പതിവായി ട്രിപ് മുടക്കുകയും അമിതവേഗത്തില്‍ വാഹനം ഓടിച്ചതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇത് സംബന്ധിച്ച് തിരുവനന്തപുരം ആര്‍.ടി.ഓ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നടപടി ക്രമങ്ങള്‍ പാലിക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് കെ.എസ്.ആര്‍.ടി.സിക്കും സ്വകാര്യ ബസ് ഉടമകള്‍ക്കുമെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

സംഭവത്തില്‍ ഉത്തരവാദികളായ എല്ലാവരുടെയും വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഇത്തരം നടപടികള്‍ തുടരുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. പണിമുടക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പറയുന്നതുപോലെ തീരുമാനമെടുക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ