|

ബി.ജെ.പിക്ക് ശബരിമല തരംഗം ലഭിച്ചിട്ടില്ല; സുവര്‍ണാവസരമെന്ന ശ്രീധരന്‍പിള്ളയുടെ പ്രയോഗം എന്ത് അര്‍ത്ഥത്തിലായിരുന്നെന്നും കെ.എസ് രാധാകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലൊരിടത്തും ബി.ജെ.പിക്ക് ശബരിമല തരംഗം ലഭിച്ചിട്ടില്ലെന്ന് ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.എസ് രാധാകൃഷ്ണന്‍. തിരുവനന്തപുരത്തും പത്തനംതിട്ടയിലും പോലും ശബരിമല തരംഗം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും കെ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു.ഇതോടെ ബി.ജെ.പിയുടെ ശബരിമല വിഷയത്തിലുള്ള ഇടപെടല്‍ വോ്ട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ളതായിരുന്നെന്ന് തുറന്നു സമ്മതിക്കുകയാണ്.

ശബരിമല സുവര്‍ണാവസരമെന്ന ശ്രീധരന്‍പിള്ളയുടെ പ്രയോഗം എന്ത് അര്‍ത്ഥത്തിലായിരുന്നു എന്ന് അറിയില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമല തുടക്കം മുതല്‍ പ്രചരണ വിഷയമാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ലെന്നും കേരളത്തില്‍ മോദി വിരുദ്ധ ന്യൂനപക്ഷ ഏകീകരണം ഉണ്ടായെന്നും കെ.എസ് രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ ദേശീയ തലത്തില്‍ ബി.ജെ.പി വലിയ നേട്ടം കൈവരിച്ചെങ്കിലും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇരുപത് സീറ്റില്‍ 19 സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റ് എല്‍.ഡി.എഫും നേടി. ആലപ്പുഴയിലെ എ.എം ആരിഫാണ് വിജയിച്ച എല്‍.ഡി എഫ് സ്ഥാനാര്‍ത്ഥി.

എന്നാല്‍ സി.പി.ഐ.എമ്മിന് തിരിച്ചടിയായത് ശബരിമല വിഷയത്തിലെ പിണറായിയുടെ നിലപാടുകളാണെന്ന് കാസര്‍ഗോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു.

”ഞാന്‍ പിണറായി വിജയനോട് വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു. ‘ നിങ്ങള്‍ 41 ദിവസം മാലയിട്ട് വ്രതമെമടുക്കണം, എന്നിട്ട്, 41ആം ദിവസം ശബരിമലയിലേക്ക് പോകണം. 18 പടികള്‍ ചവിട്ടണം. അയ്യപ്പനെ കണ്ട് സമസ്താപരാധങ്ങളും പൊറുക്കണം എന്ന് പറയണം. ഇല്ലെങ്കില്‍, നിങ്ങളുടെ പാര്‍ട്ടി ഒരു തെരഞ്ഞെടുപ്പിലും കേരളത്തില്‍ ജയിക്കാന്‍ പോകുന്നില്ല.കാരണം, അയ്യപ്പ കോപം ഇവര്‍ക്കുണ്ട്. കേരളം വിശ്വാസികളുടെ നാടാണ്. നിരീശ്വരവാദികളുടെ നാടല്ല. അതുകൊണ്ട് നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാര്‍ക്കും സുപ്രീം കോടതിയുടെ വിധിയില്‍ ശബരിമലയെ അട്ടിമറിക്കാന്‍ വളരെ ഹീനമായ നാടകം കളിച്ച പിണറായി വിജയനും അയ്യപ്പന്‍ കൊടുത്ത പണിയാണ് ഈ പണി”- ഉണ്ണിത്താന്‍ പറഞ്ഞിരുന്നു