കെ.എസ്‌.എഫ്‌.ഇ ഓഹരി മൂലധനം ഇരട്ടിയാക്കി
Dool Plus
കെ.എസ്‌.എഫ്‌.ഇ ഓഹരി മൂലധനം ഇരട്ടിയാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th December 2024, 4:23 pm

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ധനകാര്യ സ്ഥാപനമായ കെ.എസ്‌.എഫ്‌.ഇയുടെ അടച്ചുതീർത്ത ഓഹരി മൂലധനം 200 കോടി രൂപയാക്കി ഉയർത്തി. നിലവിൽ 100 കോടി രൂപയായിരുന്നു. അംഗീകൃത ഓഹരി മൂലധനം 100 കോടിയിൽനിന്ന്‌ 250 കോടി രൂപയായി ഉയർത്തിക്കൊണ്ടാണ്‌ അടച്ചുതീർത്ത ഓഹരി മൂലധനവും വർധിപ്പിച്ചത്‌.

കെ.എസ്‌.എഫ്‌.ഇയുടെ കരുതൽ ഫണ്ട്‌ ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ബോണസ്‌ ഷെയർ അനുവദിക്കണമെന്ന കമ്പനി ഡയറക്ടർ ബോർഡ്‌ ശുപാർശയാണ്‌ സർക്കാർ അംഗീകരിച്ചത്‌.

സ്ഥാപനത്തിന്റെ പ്രവർത്തന വിപുലീകരണത്തിന്‌ സഹായകമാകുന്ന നിലയിൽ മൂലധന പര്യാപ്‌തത ഉറപ്പാക്കാൻ തീരുമാനം സഹായകമാകുമെന്ന്‌ ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. നൂറു ശതമാനം ഓഹരിയും സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള സർക്കാർ കമ്പനിയാണ്‌ കെ.എസ്‌.എഫ്‌.ഇ.

അംഗീകൃത മൂലധനം ഉയർത്തുന്നത്‌ ചിട്ടി അടക്കമുള്ള ബിസിനസുകളുടെ കൂടുതൽ വിപുലീകരണത്തിനും കെ.എസ്‌.എഫ്‌.ഇയുടെ വളർച്ചയ്‌ക്കും സഹായകമാകും. നേരത്തെ 50 കോടി രൂപയായിരുന്നു കമ്പനിയുടെ അംഗീകൃത മൂലധനം. 2016ലാണ്‌ 100 കോടി രൂപയായി ഉയർത്തിയത്.

പൊതുജനങ്ങൾക്ക് സുതാര്യവും സുസ്ഥിരവും പ്രയോജനകരവുമായ സാമ്പത്തിക സേവനങ്ങൾ നൽകുന്നതിന് വിശ്വസനീയവും ലാഭകരവുമായ ഒരു പൊതുമേഖല സ്ഥാപനമായി പ്രവർത്തിക്കുക. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ ഗണ്യമായ സംഭാവന നൽകുക.
സമൂഹത്തിലെ ദുർബല വിഭാഗത്തിന്റെ ഉന്നമനത്തിനായി കൂടുതൽ സാമൂഹിക സുരക്ഷാ പദ്ധതികൾ അവതരിപ്പിക്കുക എന്നതാണ് കെ.എസ്.എഫ്.ഇയുടെ ലക്ഷ്യം.

 

Content Highlight: KSFE has doubled its share capital