| Wednesday, 30th March 2022, 10:06 am

കെ.എസ്.ഇ.ബിയുടെ പരിപാടിയില്‍ മുഖ്യാതിഥിയായി ശ്രീ എം; ആത്മീയാചാര്യന്റെ പരിപാടിക്കെതിരെ സി.ഐ.ടി.യു പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനനന്തപുരം: കെ.എസ്.ഇ.ബിയുടെ 65ാം വാര്‍ഷികാഘോഷത്തിന് മുഖ്യാതിഥിയായി മത- ആത്മീയാചാര്യന്‍ ശ്രീ. എമ്മിനെ ക്ഷണിച്ച കെ.എസ്.ഇ.ബിയുടെ നടപടിയിക്കെതിരെ വിമര്‍ശനം.

മാര്‍ച്ച് 31ന് തിരുവനന്തപുരം പട്ടത്ത് വൈദ്യുതി ഭവനില്‍ വെച്ച് നടക്കുന്ന കെ.എസ്.ഇ.ബിയുടെ വാര്‍ഷികാഘോഷ പരിപാടിയിലാണ് മുഖ്യാതിഥിയായി ശ്രീ എം എത്തുന്നത്.

പൊതുഖജനാവിലെയും പൊതുജനങ്ങളുടെയും പണമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കെ.എസ്.ഇ.ബി പോലുള്ള സ്ഥാപനങ്ങള്‍ മത-വര്‍ഗീയ ചിന്തകള്‍ പ്രചരിപ്പിക്കുന്ന തരത്തില്‍ ആത്മീയാചാര്യന്മാരെ ആഘോഷിക്കുന്നത് ഭരണഘടനാലംഘനമാണെന്നാണ് വിമര്‍ശനമുയരുന്നത്.

ശ്രീ. എമ്മിനെ മുഖ്യാതിഥിയാക്കിയുള്ള കെ.എസ്.ഇ.ബിയുടെ പരിപാടിയില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യുവിന്റെ കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (KSEBWA) പ്രസ്താവനയിറക്കി.

വാര്‍ഷികാഘോഷ പരിപാടിയിലെ ശ്രീ. എമ്മിന്റെ പ്രഭാഷണം അസോസിയേഷനിലെ അംഗങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും കെ.എസ്.ഇ.ബി പോലുള്ള ഒരു പൊതു സ്ഥാപനത്തില്‍ ഏതെങ്കിലും പ്രത്യേക വിശ്വാസം മുറുകെപ്പിടിക്കുന്ന ആത്മീയാചാര്യന്മാരെ കൊണ്ടുവന്ന് പ്രഭാഷണം നടത്തിക്കുന്നത് ശരിയല്ലന്നും സി.ഐ.ടി.യു പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ശ്രീ. എമ്മിനെ കൊണ്ടുവന്ന് വൈദ്യുതി ഭവനില്‍ പ്രഭാഷണം നടത്തിക്കുവാന്‍ മാനേജ്‌മെന്റ് കൈക്കൊണ്ട തീരുമാനം ഉപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം KSEBWA  വാര്‍ഷികാഘോഷ പരിപാടി ബഹിഷ്‌കരിക്കുമെന്നും പ്രസ്താവനയില്‍ സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

”ആത്മീയാചാര്യന്റെ പ്രഭാഷണ പരിപാടി ഞങ്ങള്‍ ബഹിഷ്‌കരിക്കുന്നു.

നാനാ ജാതി മതസ്ഥരും മതവിശ്വാസമില്ലാത്തവരും ഉള്‍പ്പെടെ എല്ലാ വിഭാഗം ആളുകളും ജോലി ചെയ്യുന്ന കെ.എസ്.ഇ.ബി പോലുള്ള ഒരു പൊതു സ്ഥാപനത്തില്‍ ഏതെങ്കിലും പ്രത്യേക വിശ്വാസം മുറുകെപ്പിടിക്കുന്ന ആത്മീയാചാര്യന്മാരെ കൊണ്ടുവന്ന് പ്രഭാഷണം നടത്തിക്കുന്നത് ശരിയല്ല.

മുമ്പും ഇത്തരത്തില്‍ ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ട ആത്മീയ വ്യക്തിത്വത്തെ വൈദ്യുതി ഭവനില്‍ പ്രഭാഷണം നടത്തുവാന്‍ ചിലര്‍ തീരുമാനിച്ചപ്പോള്‍ സംഘടനകള്‍ എതിര്‍പ്പ് അറിയിച്ചതിനെത്തുടര്‍ന്ന് അന്നത്തെ മാനേജ്‌മെന്റ് ആ പരിപാടി ഉപേക്ഷിക്കുവാനുള്ള വിവേകം കാണിച്ചു.

ഈ സാഹചര്യത്തില്‍ തികച്ചും ഏകപക്ഷീയമായി ആത്മീയാചാര്യനെ കൊണ്ടുവന്ന് വൈദ്യുതി ഭവനില്‍ പ്രഭാഷണം നടത്തിക്കുവാന്‍ മാനേജ്‌മെന്റ് കൈക്കൊണ്ട തീരുമാനം ഉപേക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അല്ലാത്തപക്ഷം ഞങ്ങളുടെ സംഘടന ഈ പരിപാടി ബഹിഷ്‌കരിക്കുന്നതാണെന്നും അറിയിച്ചുകൊള്ളുന്നു,” എന്നാണ് സി.ഐ.ടി.യുവിന്റെ കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

Content Highlight: KSEB Workers Association of CITU says they wont attend the speech of Sri M in KSEB inaugural function

We use cookies to give you the best possible experience. Learn more