| Thursday, 6th September 2018, 2:46 pm

പ്രളയത്തില്‍ തകര്‍ന്ന് ചെറുകിട ജലവൈദ്യുത നിലയങ്ങളും; കോടികളുടെ നഷ്ടം

ആര്യ. പി

കോഴിക്കോട്: പ്രളയം സംഹാരതാണ്ഡവമാടിയ കേരളത്തില്‍ സര്‍വമേഖലയിലും ബാക്കിയായത് നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമാണ്. പ്രളയത്തെ തുടര്‍ന്ന് മഴക്കാലത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ചെറുകിട ജലവൈദ്യുത നിലയങ്ങള്‍ വെള്ളത്തിലായപ്പോള്‍ നഷ്ടം 16 കോടിയ്ക്കും മുകളിലാണ്.

ചെറുകിട വൈദ്യുത നിലയങ്ങള്‍ക്ക് കേടുപാടു സംഭവിച്ചതോടെ സംസ്ഥാനത്ത് പ്രതിദിനം നൂറിലേറെ വാള്‍ട്ടിന്റെ ഉത്പാദന നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇതില്‍ ചെറുകിട സ്വകാര്യ വൈദ്യുത പദ്ധതികളുമുണ്ട്.

കോഴിക്കോട് കക്കയത്തെ ആറ് ജനറേറ്ററുകളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ചെറുകിട പദ്ധതികളായ ഉറുമി രണ്ടിന്റെ മൂന്ന് ജനറേറ്ററുകളും ചെമ്പുകടവ് ജനറേറ്ററിന്റെ മൂന്ന് ജനറേറ്ററുകളും പ്രളയത്തില്‍ പ്രവര്‍ത്തന രഹിതമായി. ഇതിന്റെ നഷ്ടം വിലയിരുത്താനായിട്ടില്ല. ആ പ്രദേശത്തു തന്നെ സിയാലിന്റെ നിര്‍മാണത്തിലിരിക്കുന്ന അരിപ്പാറ പദ്ധതിയുടെ നഷ്ടവും കണക്കാക്കിയിട്ടില്ല.

മിനാര്‍ ഗ്രൂപ്പിന്റെ കോടഞ്ചേരിയിലെ പതങ്കയം പദ്ധതിയുടെ മൂന്ന് ജനറേറ്ററുകളും(3.5 മെഗാവാട്ടിന്റെ രണ്ടും ഒരു മെഗാവാട്ടിന്റെ 1 ഉം)പ്രവര്‍ത്തന
രഹിതമായതോടെ 12 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

കെ.എസ്.ഇ.ബിയുടെ ചെറുകിട പദ്ധതികളില്‍ ഇതുവരെ നാലു കോടിയോളം രൂപയുടെ നഷ്ടമുണ്ട്. കെ.എസ്.ഇബിയുടെ ചെമ്പുകടവ് ചെറുകിട ജല വൈദ്യുത പദ്ധതിയുടെ കനാലിലേക്കു മലയിടിഞ്ഞു വീണ നിലയിലാണ്. കനാലില്‍ മണ്ണ് നിറഞ്ഞതോടെ പവര്‍ഹൗസിലേക്കു വെള്ളം എത്തിക്കാനാവാത്തതിനെത്തുടര്‍ന്ന് രണ്ടാം നിലയത്തില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്.

ഇവ പുതുതായി വാങ്ങേണ്ടി വരും. അനുബന്ധ കെട്ടിടങ്ങളും റോഡുകളും ഇടിഞ്ഞു തകര്‍ന്നു. നവംബര്‍ ആദ്യം പുനര്‍നിര്‍മാണം ആരംഭിക്കാനാണ് നീക്കമെന്ന് അധികൃതര്‍ പ്രതികരിച്ചു.


ചരിത്ര വിധി; സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി


“”1978ല്‍ 170 ക്യുബിക് മീറ്റര്‍ പ്രതി സെക്കന്‍ഡ് വെള്ളം ഒഴുകിയെത്തിയതാണ് 60 വര്‍ഷത്തിനിടെ ഏറ്റവും വലുത്. അതിന്റെ 50 ശതമാനം ശേഷി കൂടി വഹിക്കാന്‍ തക്ക രീതിയിലായിരുന്നു നിര്‍മാണം. പക്ഷെ ഇത്തവണ മണിക്കൂറുകള്‍ക്കുള്ളില്‍ ഒഴുകിയെത്തിയത് 650 ക്യുബിക് മീറ്റര്‍ പ്രതി സെക്കന്‍ഡ് വെള്ളമാണ്””- അധികൃതര്‍ പറയുന്നു.

കോടഞ്ചേരിയിലെ ചെമ്പുകടവിലും കെ.എസ്.ഇ.ബി പദ്ധതിയിലും രണ്ടാം നിലയമാണു പ്രവര്‍ത്തനക്ഷമം അല്ലാത്തത്. ഒന്നില്‍ നിന്നു രണ്ടിലേക്ക് വെള്ളമെത്തിക്കുന്ന കനാലിലേക്കു സമീപത്തെ മല നിരങ്ങി വന്ന് ഇടിഞ്ഞു വീണ നിലയിലാണ്.

“”മുന്‍ വര്‍ഷങ്ങളില്‍ ഈ ഭാഗത്ത് മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇരുമ്പുമറ ഉപയോഗിച്ച് ഈ ഭാഗങ്ങള്‍ മൂടിയിരുന്നു. എന്നാല്‍ മല നിരങ്ങി വന്ന് മറ്റു ഭാഗങ്ങള്‍ ഇടിഞ്ഞതോടെ പരിശ്രമങ്ങള്‍ പാഴാവുകയായിരുന്നു. ഇതു മാറ്റാന്‍ ശ്രമിച്ചാല്‍ മല കൂടുതല്‍ ഇടിയാന്‍ സാധ്യതയുള്ളതിനാല്‍ മഴ പൂര്‍ണമായും നിന്ന ശേഷം ഭൗമശാസ്ത്ര വിദഗ്ധരോട് ആലോചിച്ചേ എന്തു വേണമെന്നു തീരുമാനിക്കൂ”” അധികൃതര്‍ പറയുന്നത്.

തിരുവമ്പാടിയിലെ കെ.എസ്.ഇ.ബി ഉറുമി പദ്ധതിയിലെ രണ്ടാം നിലയവും പ്രവര്‍ത്തിക്കുന്നില്ല. ഉറുമി ഒന്നില്‍ നിന്നു രണ്ടിലേക്ക് വെള്ളമെത്തിക്കുന്ന കനാലില്‍ ചെളിയും മണ്ണും അടിഞ്ഞ നിലയിലാണ്. ഇതു നീക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

ഉറുമി ഒന്നിലേക്കു വെള്ളമെത്തുന്നിടത്തും ഇതേ പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും തടസ്സങ്ങള്‍ നീക്കി. 16ന് ഇരു നിലയങ്ങളിലെയും പ്രവൃത്തികള്‍ ഒരുമിച്ചാണ് തുടങ്ങിയതെങ്കിലും രണ്ടാം നിലയത്തില്‍ ചെളി കൂടുതലുള്ളതും യന്ത്രങ്ങളെത്താന്‍ വഴിയില്ലാത്തതും പ്രവൃത്തികളുടെ വേഗത്തെ ബാധിക്കുന്നുണ്ട്. ഉറുമി ഒന്നില്‍ പത്തു ലക്ഷം രൂപയുടെയും രണ്ടില്‍ 29 ലക്ഷത്തിന്റെയും നഷ്ടമുണ്ട്.- അധികൃതര്‍ പറയു്‌നനു.

കഴിഞ്ഞ മാസം എട്ടിനാണ് പൂഴിത്തോടുള്ള കെ.എസ്.ഇ.ബി ചെറുവൈദ്യുത നിലയം പ്രളയത്തിലായത്. ചെളിയും മണ്ണും അടിഞ്ഞ് 300 മീറ്റര്‍ ഭാഗത്തു കനാല്‍ പൂര്‍ണമായും മൂടി. പുഴയിലെ തടയണയും മൂടിയിരുന്നു. പുഴയുടെ വശങ്ങള്‍ ഇടിഞ്ഞിട്ടുണ്ട്. ഭാവിയില്‍ ഈ ഭാഗത്തു പുഴ ഗതിമാറി ഒഴുകാനിടയുണ്ട്. ഇതുതടയാന്‍ ഇരുവശത്തും സുരക്ഷാഭിത്തികള്‍ നിര്‍മിക്കണം. ഇതിനുള്ള ശ്രമം തുടരുകയാണ്. മൂന്നരക്കോടിയാണ് ഇവിടെ നഷ്ടം കണക്കാക്കുന്നത്. ജില്ലയിലെ കെ.എസ്.ഇ.ബി പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായതും ഇവിടെയാണ്.

അരിപ്പാറയിലെ സിയാല്‍ പദ്ധതി നിര്‍മാണത്തിലാണ്. പണി പൂര്‍ത്തിയായി വരുന്നിടത്തു പോലും വലിയ പാറകള്‍ ഇടിഞ്ഞു വീണിട്ടുണ്ട്. ഇരു കരകളിലുമായി മണ്ണിടിഞ്ഞ പ്രദേശങ്ങളും ഏറെയാണ്. നിര്‍മാണത്തിന്റെ ഭാഗമായി സൂക്ഷിച്ചിരുന്ന ഇരുമ്പു പൈപ്പുകളില്‍ ചിലത് ഒഴുകിപ്പോയി. നഷ്ടമെത്രയെന്നു കണക്കെടുക്കാത്ത ഇവിടെ നിലവില്‍ പണി നിലച്ചു കിടക്കുന്നു. പണി പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് സിയാല്‍ അധികൃതര്‍.

പത്തനംതിട്ട ജില്ലയില്‍ പ്രളയത്തെ തുടര്‍ന്ന് അഞ്ച് പദ്ധതികളാണ് പ്രവര്‍ത്തന രഹിതമായത്. പ്രതിദിനം 89 മെഗാവാട്ടിന്റെ ഉ്തപാദന നഷ്ടമുണ്ട്. ശബരിഗിരി പദ്ധതിയില്‍ 60 മെഗാവാട്ടിന്റെ ഒരു ജനറേറ്ററും തകരാറിലാണ്. കണ്ണൂരിലെ ഇരിട്ടി ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതി ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് ജൂണ്‍ 12 മുതല്‍ നിശ്ചലമാണ്. 15 മെഗാവാട്ട് ശേഷിയുള്ളതാണ് ഇത്. പ്രതിദിനം 15 ലക്ഷം രൂപയുടെ നഷ്ടമാണ് ഇവിടെ കണക്കാക്കുന്നത്.

ചെറുകിട വൈദ്യുത നിലയങ്ങള്‍ മാത്രമല്ല ഉത്പാദന രംഗത്തും വിതരണ രംഗങ്ങളും കോടികളുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് സംഭവിച്ചിരിക്കുന്നത്. മലപ്പുറം കോഴിക്കോട് പാലക്കാട് തുടങ്ങിയ ജില്ലകളിലെ വിതരണ മേഖലയില്‍ മാത്രം16 കോടിയുടെ മാത്രം നഷ്ടമുണ്ടായിട്ടുണ്ടെന്ന് ഡിസ്ട്രിബ്യൂഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

“148 ഓളം ട്രാന്‍സ്‌ഫോമറുകളാണ് മൂന്ന് ജില്ലകളിലായി തകര്‍ന്നത്. അതുപോലെ 13000 ത്തിലേറെ പോസ്റ്റുകള്‍ തകര്‍ന്നു. 1111 കിലോമീറ്ററോളം ലൈനുകള്‍ പല ഭാഗങ്ങളായി ഒഴുകിയും പൊട്ടിയും എല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്. മണ്‍സൂണ്‍ സമയങ്ങളിലെ നഷ്ടം മാത്രമാണ് ഇത്. 16,17,18 തിയതികളിലെ മാത്രം നഷ്ടം 3 കോടി രൂപയാണ്””- ഇദ്ദേഹം പറയുന്നു.

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more