മലപ്പുറം: വൈദ്യതി ബില്ല് കുടിശ്ശിക വരുത്തിയതിന് ഗവണ്‍മെന്റ് സ്‌കൂളിന്റെ വൈദ്യുതി വിച്ഛേദിച്ച് കെ.എസ്.ഇ.ബി. മലപ്പുറം പറപ്പൂര്‍ പഞ്ചായത്ത് മുണ്ടോത്ത്പറമ്പ് ഗവ. യു.പി സ്‌കൂളിലാണ് സംഭവം.
കഴിഞ്ഞ മാസത്തെ ബില്‍ തുക അടച്ചില്ലെന്ന കാരണത്താലാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ സ്‌കൂളിലെ വൈദ്യുതി വിച്ഛേദിച്ചത്.
ബില്ലടയ്ക്കാനുള്ള പണം പഞ്ചായത്ത് നല്‍കിയില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. വൈദ്യുതി ബന്ധം ഇല്ലാതായതോടെ വെള്ളവും വെളിച്ചവുമില്ലാതെ വിദ്യാര്‍ത്ഥികളാണ് ദുരിതത്തിലായത്.
കഴിഞ്ഞ മാസത്തെ ബില്‍ തുകയായി 3,217 രൂപയാണ് അടയ്ക്കാനുള്ളത്. സ്‌കൂളിന്റെ പക്കല്‍ പണമില്ലെന്നും നേരത്തെ അടച്ച 17,000 രൂപയോളം പഞ്ചായത്ത് തരാനുണ്ടെന്നും അധ്യാപക- രക്ഷാകര്‍തൃ സമിതി ആരോപിക്കുന്നു.
അതിനിടെ, സ്‌കൂളിന് നല്‍കാനുള്ള പണം മുഴുവന്‍ നല്‍കിയെന്നാണ് പഞ്ചായത്ത് ഭരണകൂടം പറയുന്നത്. കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം വിച്ഛേദിച്ച സാഹചര്യമറിയില്ലെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
എന്നാല്‍, വൈദ്യുതി പുനസ്ഥാപിക്കുന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്‌കൂളില്‍ വെള്ളം എത്തിച്ച് ഈ പ്രശ്‌നത്തിന് താത്കാലിക പരിഹാരം കണ്ടിട്ടുണ്ട്.
ആറ് വര്‍ഷം മുമ്പ് സ്‌കൂളില്‍ അങ്കണ്‍വാടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്‌നങ്ങളാണ് പഞ്ചായത്തും പി.ടി.എയും തമ്മിലുള്ള പോരില്‍ കലാശിച്ചത്.
മുണ്ടോത്ത്പറമ്പിലെ ഒരു താത്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടി ഏഴ് വര്‍ഷം മുമ്പാണ് സ്‌കൂള്‍ വളപ്പിലുള്ള ഒഴിഞ്ഞ കെട്ടിടത്തിലേക്ക് മാറ്റിയത്. കുറേക്കാലമായി ഇതില്‍ ക്രമപ്രശ്‌നങ്ങളുന്നയിച്ച് സ്‌കൂള്‍ അധികൃതരും പി.ടി.എയും നാട്ടുകാരും തമ്മില്‍ തര്‍ക്കത്തിലാണ്.
തുടര്‍ച്ചയായി ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ കാരണം തങ്ങള്‍ക്ക് പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും സ്‌കൂളില്‍നിന്ന് ടി.സി. വാങ്ങിപ്പോകേണ്ട സ്ഥിതിയാണെന്നും വിദ്യാര്‍ഥികള്‍ കളക്ടര്‍ക്ക് പരാതിയടക്കം നല്‍കിയിരുന്നു.