| Sunday, 12th August 2018, 10:56 am

ബാണാസുരസാഗര്‍ ഡാം തുറന്നത് മുന്നറിയിപ്പില്ലാതെയെന്ന ആരോപണവുമായി വില്ലേജ് ഓഫീസര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: മുന്നറിയിപ്പ് നല്‍കാതെയാണ് ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതെന്ന ആരോപണവുമായി പടിഞ്ഞാറത്തറ വില്ലേജ് ഓഫീസര്‍ പി.പി പ്രസാദ്.

മുന്നറിയിപ്പില്ലാതെ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതാണ് വയനാട്ടിലെ ജനങ്ങള്‍ വഴിയാധാരമാകാന്‍ കാരണമെന്നാണ് പ്രസാദ് ആരോപിക്കുന്നത്. എന്നാല്‍ ആരോപണം കെ.എസ്.ഇ.ബി നിഷേധിച്ചു.

അണക്കെട്ട് തുറക്കുന്നതിനെ കുറിച്ച് എല്ലാവിധ അറിയിപ്പുകളും നല്‍കിയിരുന്നെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. പെട്ടെന്നുണ്ടായ കനത്ത മഴയും ഉരുള്‍പൊട്ടലും കാരണം എല്ലാവിധ മുന്നറിയിപ്പുകളും നല്‍കിയാണ് ഷട്ടറുകള്‍ തുറന്നതെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

Read:  ജോലി സൃഷ്ടിക്കാത്തതല്ല, അതിന്റെ കണക്കില്ലാത്തതുകൊണ്ടാണ്: തൊഴിലില്ലായ്മ വര്‍ധിക്കുന്നുവെന്ന ആരോപണങ്ങളെ മോദി പ്രതിരോധിച്ചതിങ്ങനെ

ജില്ലയിലെ ദുരന്തനിവാരണ അതോറിറ്റിയുടെ വാട്‌സാപ് ഗ്രൂപ്പില്‍ ഷട്ടറുകള്‍ ഉയര്‍ത്തുന്നത് അറിയിച്ചിരുന്നു. മൂന്ന് ദിവസങ്ങളിലായി ഡാമിന്റെ ഷട്ടറുകള്‍ 290 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയത് 200 സെന്റിമീറ്റര്‍.

അന്ന് രാത്രിയോടെയാണ് നൂറുകണക്കിന് വീടുകള്‍ വെള്ളത്തിനടിയിലായതെന്ന് വില്ലേജ് ഓഫീസര്‍ പറയുന്നു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് പടിഞ്ഞാറത്തറ വില്ലേജിലാണ്. പല ആളുകളെയും വിളിച്ചപ്പോള്‍ അവരുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു.

വില്ലേജ് ഓഫീസില്‍ അറിയിച്ചിരുന്നെങ്കില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാമായിരുന്നു എന്ന് പ്രസാദ് പറയുന്നു. വയനാടിനെ വെള്ളക്കെട്ടിലാക്കിയ ദുരന്തത്തിന്റെ കാരണം വൈദ്യുതി ബോര്‍ഡാണെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കുമെന്ന് വില്ലേജ് ഓഫിസര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more