തൊടുപുഴ: തൊടുപുഴയില്‍ മൂന്നൂറോളം പേര്‍ക്ക് ഇത്തവണ വൈദ്യുതി ബില്‍ പത്തിരട്ടി മുതല്‍ 20 ഇരട്ടി വരെ കുതിച്ചുയര്‍ന്നതായി പരാതി. സ്ഥിരമായി 30,000 രൂപ ബില്ല് ലഭിച്ചിരുന്ന ആള്‍ക്ക് ഇത്തവണ 60,000 രൂപയായി ബില്ല് വര്‍ധിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ തൊടുപുഴ സെക്ഷന് കീഴിലെ നിരവധി പേരാണ് പരാതിയുമായെത്തിയത്.
പരാതി പ്രവാഹമായതോടെ സംഭവത്തില്‍ കെ.എസ്.ഇ.ബി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മീറ്ററിന്റെ പ്രശ്‌നം കൊണ്ടാണോ അതോ മറ്റേതെങ്കിലും പ്രശ്‌നം കൊണ്ടാണോ എന്നത് പരിശോധിച്ച് വരികയാണെന്ന് തൊടുപുഴ സെക്ഷനിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിരവധി നാട്ടുകാര്‍ വൈദ്യുതി ബില്ലില്‍ പരാതിയുമായി കെ.എസ്.ഇ.ബിയെ സമീപിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം കെ.എസ്.ഇ.ബി ബില്ലില്‍ താല്‍ക്കാലികമായി ഇളവുകള്‍ ചെയ്തുനല്‍കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് ശേഷം ബില്ലില്‍ കുറക്കേണ്ടതുണ്ടോ എന്ന കാര്യം പരിശോധിക്കാമെന്നാണ് അധികൃതര്‍ മറുപടി നല്‍കിയിരിക്കുന്നത്. ഒരുപക്ഷേ ഇടിമിന്നലോ മറ്റോ ഉണ്ടായാല്‍ വൈദ്യുതി റീഡിങ്ങില്‍ ഇത്തരത്തില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്.
മീറ്റര്‍ റീഡിങ്ങിന് പോയ ആളുകളെല്ലാം താല്‍ക്കാലിക ജീവനക്കാരാണ്. ഇവരില്‍ രണ്ട് ജീവനക്കാരെ ഇതിനോടകം പറഞ്ഞുവിട്ടിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കെല്ലാ പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്.
ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. കെ.എസ്.ഇ.ബിക്ക് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് ഉപഭോക്താക്കള്‍ക്ക് അനുകൂലമായ വിധത്തില്‍ നടപടിയുണ്ടാകുമെന്നാണ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചത്.