തിരുവനന്തപുരം: ഇടുക്കിയിലെ കോതമംഗലം 220 കെ.വി ലൈനിന് കീഴില്‍ കൃഷി ചെയ്ത വാഴകള്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വെട്ടിമാറ്റിയ സംഭവം നിയമസഭയില്‍ ചര്‍ച്ചയായി. പ്രതിപക്ഷ എം.എല്‍.എമാരായ ആന്റണി ജോണും മാത്യു കുഴല്‍നാടനുമാണ് വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. നഷ്ടം സംഭവിച്ച കര്‍ഷകന് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു.
വിഷയത്തില്‍ കെ.എസ്.ഇ.ബിയുടെ പ്രസരണ വിഭാഗം ഡയറക്ടറോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മനുഷ്യജീവന് അപകടം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ലൈനിന് സമീപം വരെ വളര്‍ന്ന വാഴകള്‍ വെട്ടിമാറ്റിയതെന്നു മന്ത്രി പറഞ്ഞു.
എന്നാല്‍ നഷ്ടപരിഹാരം ഈടാക്കേണ്ടത് നികുതിപ്പണത്തില്‍ നിന്നല്ല സംഭവത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
‘വെട്ടി മാറ്റേണ്ടത് സാധാരണക്കാരന്റെ നെഞ്ചത്തേക്ക് കയറുന്ന ചിലരുടെ ഹുങ്കും അഹങ്കാരവുമാണ്. നഷ്ടപരിഹാരം ഈടാക്കേണ്ടത് ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നല്ല. ഈ ക്രൂരകൃത്യം ചെയ്തവരില്‍ നിന്നും ചെയ്യിപ്പിച്ചവരില്‍ നിന്നും അത് ഈടാക്കണം,’ സഭ നടപടികളെക്കുറിച്ചെഴുതിയ ഫേസ്ബുക്ക് കുറിപ്പില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു.
അതിനിടെ, കര്‍ഷകന്റെ നഷ്ടം പരിശോധിക്കാന്‍ കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥര്‍ വാഴത്തോട്ടം സന്ദര്‍ശിച്ചു. കര്‍ഷകന്‍ അനീഷിന്റെ തോട്ടത്തിലെ വാഴകളാണ് കഴിഞ്ഞ ദിവസം കെ.സ്.ഇ.ബി ഉദ്യോഗസ്ഥര്‍ വെട്ടിനശിപ്പിച്ചത്.
ഹൈ ടെന്‍ഷന്‍ ലൈന്‍ കടന്ന് പോകുന്നതിനാണ് കൃഷി നശിപ്പിച്ചതെന്നാണ് കെ.എസ്.ഇ.ബിയുടെ വാദം. എന്നാല്‍ ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് കെ.എസ്.ഇ.ബിയുടെ നടപടിയെന്നാണ് കര്‍ഷകന്‍ പറയുന്നത്. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും കര്‍ഷകന്‍ പറയുന്നു.
Content Highlight: KSEB- Banana Tree controversy in the Kerala assembly